വിവാദങ്ങളിൽ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ല; ഉമർ ഫൈസി മുക്കം

'സമസ്ത - ലീഗ് തർക്കത്തിൻ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തു'

dot image

മലപ്പുറം: വിവാദങ്ങളിൽ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം. ദൈവത്തിനോട് മാത്രമാണ് മാപ്പു പറയുക. സമസ്ത - ലീഗ് തർക്കത്തിൻ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തെന്നും എന്നാൽ പൂർണമായി പരിഹരിച്ചിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാൻ പല ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കേക്ക് വിവാദത്തിന് പിന്നാലെ ഹമീദ് ഫൈസി അമ്പലക്കടവിനൊപ്പം ഉമർ ഫൈസി പാണക്കാട് എത്തി സാദിഖലി തങ്ങളെ കണ്ടിരുന്നു. സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്തുള്ള പരാമർശത്തിനെതിരെ കഴിഞ്ഞ മുശാവറ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നതായും സൂചനയുണ്ട്.

കേക്ക് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സമസ്തയിലെ ലീ​ഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള തർക്കം രൂക്ഷമാകവെ കഴിഞ്ഞ ദിവസം ലീ​ഗ് വിരുദ്ധർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ മുൻകൈ എടുത്താണ് ചർച്ച നടന്നത്. ഈ കൂടിക്കാഴ്ചയിൽ സമസ്തയിലെ ലീ​ഗ് വിരുദ്ധർ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞെന്നായിരുന്നു വാർത്തകൾ. സാദിഖലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റി​ദ്ധാരണ മാറ്റിയെന്നും എസ് വെെഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയിൽ വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്. സംഘടനപരമായ കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.

ചില പ്രതികരണങ്ങൾ പാണക്കാട് സാദിഖ് അലി തങ്ങൾക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായ പ്രശ്നങ്ങൾ നേതാക്കൾക്ക് ഇടയിൽ അകൽച്ച ഉണ്ടാക്കി. ആശയവിനിമയത്തിലുള്ള അപാകതയാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും ഹമീ​ദ് ഫൈസി പറഞ്ഞിരുന്നു. തനിക്ക് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. അദ്ദേഹത്തിന് നിജസ്ഥിതി ബോധ്യപ്പെട്ടിട്ടുണ്ട്. ഉണ്ടായത് ധാരണ പ്രശ്നങ്ങളാണെന്ന് തങ്ങൾക്ക് ബോധ്യമായി. കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി സംഘടന രംഗത്തു നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തിയെന്നും തങ്ങളുമായുളള ഈ കൂടിക്കാഴ്ച കുറച്ചുകൂടി നേരത്തെ ആകാമായിരുന്നുവെന്നും ഹമീദ് ഫൈസി കൂട്ടിച്ചേർത്തിരുന്നു.

അതേസമയം ഇന്ന് കോഴിക്കോട് നടന്ന ബാഫഖി തങ്ങൾ അനുസ്മരണ പരിപാടിയിൽ മുസ്ലിംലീഗിനെതിരെ പരോക്ഷ വിമർശനമുണ്ടായി.
സമസ്തക്ക് പോറലേൽക്കുന്ന ഒന്നും ബാഫഖി തങ്ങൾ ചെയ്തില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. ബാഫഖി തങ്ങളെ മാതൃകയാക്കണം. പട്ടിക്കാട് ജാമിഅ യിലെ ഇടപെടലിൽ അദ്ദേഹം സൂക്ഷ്മത പുലർത്തി. മത പരമായ കാര്യങ്ങളിൽ പണ്ഡിതരുടെ ഉപദേശം സ്വീകരിച്ച അദ്ദേഹം രാഷ്ട്രീയത്തിനേക്കാളും മത വിശ്വാസത്തിന് പ്രാധാന്യം നൽകിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Content Highlights: Umar Faizy Mukkam denies apologizing to Sadiq Ali Thangal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us