തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.
ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ ചില ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. കേരളത്തില്‍ ഇപ്പോഴും മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകള്‍ തുടരുകയാണ്.
ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവര്‍മാര്‍ രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോസ്ഥര്‍ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നാണ് പരാതികള്‍.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്.
Content Highlight: 20 motor vehicle check posts to be abolished in Kerala