കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടരുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനാകാന്‍ സാധ്യത. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് ഇന്നലെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്. ഈ തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
ഉപാധികളോടെയാണ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വ്യക്തമാക്കി. ദ്വായര്‍ത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവില്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ രൂക്ഷപരാമര്‍ശമാണ് ഹൈക്കോടതി നടത്തിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നായിരുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയത്. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
Content Highlights: Boby Chemmanur may be released from jail today