വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റ മരണവും അനുബന്ധ കേസുകളും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വയനാട് താളൂർ സ്വദേശിയായ പത്രോസ്, നെൻമേനി മാളിക സ്വദേശി പുത്തൻ പുരയിൽ ഷാജി, പുൽപ്പള്ളി സ്വദേശി സായൂജ് എന്നിവർ നൽകിയ സാമ്പത്തിക പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. അതേസമയം കേസിൽ പ്രതിയായ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുളള ഉത്തരവ് തുടരും. ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
എം എൻ വിജയൻ സമ്മർദ്ദം അനുഭവിച്ചിരുന്നു, അതിലേക്ക് അന്വേഷണം പോയില്ലെന്ന് ഐസി ബാലകൃഷ്ണന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മകനും കൊച്ചുമക്കളും ജീവിക്കണം എന്ന് എൻ എം വിജയന്റെ കത്തിലുണ്ട്. എന്നാൽ ആ ഭാഗം വെട്ടിയെന്നും എംഎൽഎയുടെ അഭിഭാഷകൻ വാദിച്ചു. പാപിയായ അച്ഛന്നെന്നു വിജയൻ കത്തിൽ എഴുതി, സ്വന്തം മകനെ കൊന്നതാണ് പാപം. യഥാർത്ഥ മരണം കാരണം സാമ്പത്തിക പ്രതിസന്ധി അല്ല എന്നും അത് കുറിപ്പിലുണ്ടെന്നും എംഎൽഎ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും ഐ സി ബാലകൃഷ്ണൻ കോടതിയെ അറിയിച്ചു. അതേസമയം കെ കെ ഗോപിനാഥൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ കേൾക്കാമെന്നു കോടതി പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും
എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ താമസിക്കേണ്ടി വരും. അത് സ്വാഭാവികമാണ്. നിലവിലെ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി. അവിടെയും ഇവിടെയും പറഞ്ഞത് കേട്ട് പ്രതികരിക്കാന്‍ ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുംടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനേയും മകൻ ജിജേഷിനേയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എന്‍ എം വിജയന്റെ മരണത്തില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോയത്. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.
Content Highlights: Crime Branch Investigate NM Vijayan Death Case