തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേദഗതിയുമായി മുന്നോട്ടില്ല, നിയമം മനുഷ്യർക്ക് വേണ്ടിയാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഭേദഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ട്. ഇപ്പോഴത്തെ ഭേദഗതി നിർദേശങ്ങൾ യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കവെ ഉള്ളതാണ്. വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദഗതി. അതിന്റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും വകുപ്പിൽ നിക്ഷിപ്തമായ അധികാരം ദുർവിനിയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കുമെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ നിയമങ്ങളും മനുഷ്യർക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനും പര്യാപ്തമായ നിലപാട് കൈക്കൊളളണമെന്നതിൽ തർക്കമില്ല. ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതിയും കണക്കിലെടുത്താകണം വനനിയമങ്ങളെന്നാണ് ഇടത് സർക്കാരിന്റെ നിലപാട്. വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെളളം ചേർക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Govt. Abandons Forest Law Amendment Said by CM Pinarayi Vijayan