കൊച്ചി : ജയിൽ മോചിതനായ ശേഷം വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂർ. ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്കായി ക്ഷണിക്കുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ഈ സന്ദേശത്തിലൂടെ തന്റെ ഉദ്ദേശശുദ്ധി വെളിപ്പെടുമെന്നും, എല്ലാ കാലവും തന്റെ ലക്ഷ്യം മാർക്കറ്റിംഗ് മാത്രമായിരുന്നുവെന്നും ബോബി വ്യക്തമാക്കി. സിനിമാ താരങ്ങളോടും ഇക്കാര്യം താൻ തുറന്ന് പറയാറുണ്ടെന്നും, അതിന് ശേഷമാണ് അവരെ ക്ഷണിക്കാറുള്ളതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ഹണി റോസിന്റെ കേസിന് പിന്നില്‍ എന്തെങ്കിലും ഗൂഡാലോചന ഉള്ളതായി തനിക്ക് അറിവില്ല. ഈ വിഷയം തന്റെ ബിസിനസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. തന്റെ ജീവനക്കാരും ഉപഭോക്താക്കളും തന്നില്‍ വിശ്വസിക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജാമ്യാപേക്ഷ പരിഗണിച്ച സമയത്ത് ബോബി ചെമ്മണ്ണൂർ കോടതിക്ക് മുൻപിൽ മാപ്പ് പറഞ്ഞിരുന്നു. ക്ഷമാപണം സ്വീകരിച്ച കോടതി കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.
Content Highlights : Honey Rose will still be invited for the inauguration, the objective is marketing only: Bobby Chemmannur