കോഴിക്കോട്: കേക്ക് വിവാദത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധർ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അതൃപ്തിയുമായി ലീഗ് അനുകൂല വിഭാഗം. ലീഗ് അനുകൂലികളെ അറിയിക്കാതെ ചർച്ച നടത്തിയതിൽ ഇവർക്ക് അമർഷമുള്ളതായാണ് വിവരം. ഇതിനെത്തുടർന്ന് ലീഗ് അനുകൂലികളായ സമസ്ത നേതാക്കൾ പാണക്കാട് തങ്ങളെ അതൃപ്തി അറിയിച്ചു. 23ന് നിശ്ചയിച്ച രണ്ടാമത്തെ ചർച്ചയിൽ ലീഗ് അനുകൂലികൾ പങ്കെടുത്തേക്കില്ല.
കേക്ക് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള തർക്കം രൂക്ഷമാകവെ കഴിഞ്ഞ ദിവസം ലീഗ് വിരുദ്ധർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ മുൻകൈ എടുത്താണ് ചർച്ച നടന്നത്. ഈ കൂടിക്കാഴ്ചയിൽ സമസ്തയിലെ ലീഗ് വിരുദ്ധർ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞെന്നായിരുന്നു വാർത്തകൾ.
സാദിഖലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റിദ്ധാരണ മാറ്റിയെന്നും എസ് വെെഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയിൽ വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്. സംഘടനപരമായ കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കിയിരുന്നു. എന്നാൽ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞില്ല എന്നായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ പ്രതികരണം.
സമസ്തയിലെ മുസ്‌ലിം ലീഗ് വിരുദ്ധര്‍ക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി ലീഗ് നേതൃത്വവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സമസ്ത നേതാക്കളുടെ വാര്‍ത്താസമ്മേളനം തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ഇന്നലെ രംഗത്തെത്തിയത്. സമസ്ത നേതാക്കള്‍ ചര്‍ച്ചയിലെ ധാരണ തെറ്റിച്ചുവെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഹമീദ് ഫൈസി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം നീതി പുലര്‍ത്തുന്നതല്ല. പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ പരസ്യമായി തന്നെയാണ് തിരുത്തേണ്ടത്. ഹമീദ് ഫൈസിയും മുക്കം ഉമര്‍ ഫൈസിയും അടക്കമുള്ളവര്‍ പാണക്കാട് എത്തി ചര്‍ച്ച നടത്തി. ജിഫ്രി മുത്തുക്കോയ തങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു'വെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.
Content Highlights: League supporters in samastha upset over discussions with Panakkad Thangal