കോഴിക്കോട്: മരുന്ന് ക്ഷാമം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് വാങ്ങാന്‍ രോഗികളോട് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍. മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയില്ലെങ്കില്‍ ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രോഗികള്‍. കടുത്ത മരുന്ന് ക്ഷാമത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്.
ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് ലാബ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കി. രക്തം ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ രോഗികള്‍ അതും നേരിട്ട് വാങ്ങി നല്‍കുകയാണ്. കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളിലും മരുന്നുകള്‍ കിട്ടാനില്ല.
രോഗികളും ബന്ധുക്കളും ഡിഎംഒയെ കണ്ട് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. കഴിഞ്ഞ പത്താം തീയതി മുതലാണ് മരുന്നു കമ്പനികള്‍ വിതരണം നിര്‍ത്തിവെച്ചത്. 60% എങ്കിലും കുടിശ്ശിക നികത്തണം എന്നാണ് ആവശ്യം. അതേസമയം വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 200 കോടിയോളം രൂപയുടെ സര്‍ക്കാര്‍ വിഹിതം ആശുപത്രിക്ക് ലഭിക്കാനുണ്ട്.
Content Highlight: Medicine must be procured from outside Kozhikode Medical College authorities advised the patients