തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്.
കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കി.
മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി അറിയിച്ചു. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചിരുന്നു.
Content Highlights: Neyyattinakara Gopan Swami s tomb will open tommorrow