തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ സ്ലാബ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളെ കുറിച്ച് ഹിന്ദു സംഘടനകളുമായി ആലോചിക്കുമെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്തൻ. ഇക്കാര്യത്തിൽ ഹിന്ദു ഐക്യവേദിയും ഹിന്ദു സംഘടനകളും തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും കോടതി വിധി അംഗീകരിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മകൻ പ്രതികരിച്ചു.
ഒരു കുടുംബത്തെ ഇല്ലാതാക്കാനല്ലെ ഈ ശ്രമമെന്നും ഗോപൻ സ്വാമിയുടെ മകൻ ചോദിച്ചു. സമാധിയെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്. സമാധിയെ കളങ്കപ്പെടുത്തുന്നതിനേക്കാൾ നല്ലത് ആളുണ്ടോ എന്ന് അറിയാൻ സ്കാനർ വച്ച് ചെക്ക് ചെയ്താൽ പോരെ എന്നും ഗോപൻ സ്വാമിയുടെ മകൻ പറഞ്ഞു. അതേസമയം ഗോപൻ സ്വാമിയുടെ കല്ലറ തുറക്കാനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും പൊലീസിന് അധികാരമുണ്ടെന്ന് കുടുംബത്തിന്റെ ഹർജി തളളിക്കൊണ്ട് ഇന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഗോപൻ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടു. ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആവശ്യം നിരസിച്ച ഹൈക്കോടതി കല്ലറ തുറക്കുന്നത് തടയാനാകില്ലെന്ന് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും കോടതി വ്യക്തമാക്കി. മരണം രജിസ്റ്റര്‍ ചെയ്തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചു.
അതേസമയം ഗോപന്‍ സ്വാമി സമാധിയായതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ചികിത്സക്കായി ഗോപന്‍ സ്വാമി ആശുപത്രിയില്‍ പോയത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നുമാണ് പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞത്.
ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്തും പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്.
Content Highlights: Neyyattinkara Gopan Swami Family on High Court Allow Opening Their Father Crypt