കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ വ്യവസായി ബോബി ചെമ്മണ്ണൂരിന് മുന്നറിപ്പുമായി രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂരും അദ്ദേഹത്തിന്റെ ആരാധകരും ഒരു കാരണവശാലും കോടതിയെ പ്രകോപിപ്പിക്കരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 'ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയതില്‍ സന്തോഷമുണ്ട്. ഒരു കാരണവശാലും കോടതിയെ പ്രകോപിപ്പിക്കരുത്. ബോബിയെ ശക്തമായി വിമര്‍ശിക്കുമ്പോഴും ജാമ്യം നല്‍കാന്‍ കോടതി കാണിച്ച കനിവ് പോസിറ്റീവായി എടുക്കണം', എന്നാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്.
പൊലീസിനെ പോലെയല്ല കോടതി. കോടതിയെ പ്രകോപിപ്പിച്ചാല്‍ ദൂരവ്യാപക അപകടം ഉണ്ടാകും. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ പിന്തുണയ്ക്കണം. സഹായിക്കണം. അതൊക്കെ നല്ല കാര്യമാണ് എന്നും രാഹുല്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിന് മുന്നില്‍ തമ്പടിച്ച ഫാന്‍സിനും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ബോബി ചെമ്മണ്ണൂര്‍ സ്വാതന്ത്രസമരത്തിന് പോയതല്ല. അദ്ദേഹത്തിന് മാലയൊന്നു ഇടേണ്ട ആവശ്യമില്ല. മാലയിടേണ്ടത് രക്തദാനത്തിന് പ്രേരിപ്പിക്കുമ്പോഴാണ്. സ്ത്രീപക്ഷവാദികളെ പ്രകോപിപ്പിക്കുന്നതല്ല ആക്ടിവിസം എന്നും രാഹുല്‍ പ്രതികരിച്ചു.
ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും പുറത്തിറങ്ങാന്‍ തയ്യാറായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ബോബിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ മുന്നറിയിപ്പ്.
നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ അറിയാം എന്നായിരുന്നു ഹൈക്കോടതി മുന്നറിപ്പ്. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കരുത്. കഥ മെനയരുത്. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണോ ബോബി ചെമ്മണ്ണൂരിന്റെ പ്രവര്‍ത്തിയെന്നും കോടതി ചോദിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകനെ വിളിച്ചുവരുത്തിയാണ് കോടതിയുടെ നീക്കം. ജാമ്യം അനുവദിച്ചിട്ടും കഴിഞ്ഞദിവസം പുറത്തിറങ്ങാതിരുന്ന നടപടിയില്‍ 12 മണിക്കകം വിശദീകരണം നല്‍കണം ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ അന്വേഷണം രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടത്. സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു. ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights: Rahul Easwar Warning To Boby Chemmanur