തിരുവനന്തപുരം: ബിജെപിയിൽ അഞ്ചു വർഷം ഭാരവാഹി ആയിരുന്നവർക്ക് വീണ്ടും മത്സരിക്കാമെന്ന നിബന്ധനയിൽ പുനഃപരിശോധയുമായി ബിജെപി കോർ കമ്മിറ്റി. അഞ്ച് വർഷ കാലപരിധി സംബന്ധിച്ച് പുനരാലോചന നടത്താനാണ് കോർ കമ്മിറ്റി തീരുമാനം. അഞ്ചുവർഷമായി ഭാരവാഹിത്വത്തിൽ തുടരുന്നവർ സ്ഥാനം ഒഴിയണമെന്ന വിഷയത്തിൽ കോർ കമ്മിറ്റിയിൽ വിശദമായ ചർച്ച നടന്നു.
ബിജെപി സംസ്ഥാന ഘടകത്തെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ് ഈ വിഷയം. അഞ്ച് വർഷമായി ഭാരവാഹി ആയിരിക്കുന്നവർ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് പദവി ഒഴിയേണ്ടതായും വരും.
ബിജെപിയുടെ സംഘടനാ ജില്ലാ കമ്മിറ്റികളുടെ അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയും കോർ കമ്മിറ്റിയിൽ ഉയർന്നു. ഒന്നിലധികം ആളുകളെ ഉൾപ്പെടുത്തിയുള്ള ജില്ലാ പ്രസിഡൻ്റുമാരുടെ പാനൽ കോർ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ നിന്നാവും പുതിയ ജില്ലാ പ്രസിഡൻ്റുമാരെ നിയോഗിക്കുക. ആർഎസ്എസിൻ്റെ കൂടി നിലപാട് അറിഞ്ഞതിന് ശേഷമാകും ജില്ലാ പ്രസിഡൻ്റുമാരുടെ നിയമനം.
സംഘടനാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ വരണാധികാരിയായ ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സഹ വരണാധികാരി വാനതി ശ്രീനിവാസൻ എന്നിവരും കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.
Content Highlights: Reconstitution in the BJP Core Committee at five-year intervals