തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്ത്തി ഗാനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഗാനത്തിലാണ് പിണറായിയെ പുകഴ്ത്തുന്നത്. പിണറായി ചെമ്പടയ്ക്ക് കാവലാള്‍ എന്നും ചെങ്കനല്‍ കണക്കൊരാള്‍ എന്നും പാട്ടില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് തോഴനാണ് പിണറായി. ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍. സമരധീര സാരഥി. കാക്കിയിട്ട കോമരങ്ങളെ മറികടന്നു ശക്തമായ മര്‍ദനമേറ്റ സാരഥി എന്നും വരികളില്‍ പറയുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് നാളെ അവതരിപ്പിക്കാന്‍ വെച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
ഇതേ പരിപാടിക്ക് ഇന്നലെ വെച്ച കൂറ്റന്‍ ഫ്‌ളക്‌സ് ആണ് വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തിരുന്നു. അതിലും പിണറായുടെ കൂറ്റന്‍ കട്ടൗട്ട് ഉണ്ടായിരുന്നു. വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റിന്റെ മതിലിനോട് ചേര്‍ന്ന് ഭരണാനുകൂല സര്‍വീസ് സംഘടന സ്ഥാപിച്ച ഫ്‌ളെക്‌സ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വലിച്ചുകീറി നീക്കുകയായിരുന്നു.
ഫ്‌ളെക്‌സ് നീക്കണമെന്ന കോര്‍പ്പറേഷന്‍ നിര്‍ദേശത്തിന് സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ പുല്ലുവില നല്‍കിയതോടെയാണ് നടപടി. പ്‌ളാസ്റ്റിക്ക് ഫ്രീ സോണ്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നിടത്താണ് ഉദ്യോഗസ്ഥ സംഘടന ഫ്‌ളെക്‌സ് സ്ഥാപിച്ചത്.
Content Highlight: Secretariat Employees Association's song in praise of Pinarayi