പാലക്കാട്: പൊള്ളാച്ചിയില്‍ നിന്ന് പറത്തിയ ബലൂണ്‍ ഇടിച്ചിറക്കിയതിന് തൊട്ടടുത്ത് ഉണ്ടായിരുന്നത് വൈദ്യുതി ലൈനും അമ്പത് മീറ്റര്‍ അപ്പുറത്ത് അണക്കെട്ടും. കന്നിമാരി മുള്ളന്‍തോടിലുള്ള രാമന്‍കുട്ടിയുടെ പാടത്തേക്കാണ് ബലൂണ്‍ ഇടിച്ചിറക്കിയത്. തമിഴ്‌നാട് പൊലീസിലെ ഉന്നതോദ്യോഗസ്ഥന്റെ രണ്ട് മക്കളും ബലൂണ്‍ നിയന്ത്രിക്കുന്ന വിദേശികളായ രണ്ട് പൈലറ്റുമാരുമാണ് ബലൂണില്‍ ഉണ്ടായിരുന്നത്.
വലിയ ശബ്ദം കേട്ടാണ് പുറത്തിറങ്ങി നോക്കിയതെന്ന് രാമന്‍കുട്ടിയുടെ മകന്‍ സുധനകുമാര്‍ പറഞ്ഞു. കുഴല്‍ക്കിണര്‍ കുഴിക്കുമ്പോള്‍ വായു പുറത്തേക്ക് പോകുന്നത് പോലെയുള്ള വലിയ ശബ്ദം. നോക്കുമ്പോള്‍ ആകാശത്ത് നിന്ന് താഴേക്കിറങ്ങി വരുന്ന ആനയുടെ ആകൃതിയിലുള്ള ഭീമന്‍ ബലൂണ്‍. ഉള്ളില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും സുധനകുമാര്‍ പറഞ്ഞു.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും കുട്ടികളുടെ കരച്ചില്‍ കേട്ടപ്പോള്‍ പെട്ടെന്ന് തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ബലൂണ്‍ താഴേക്കിറങ്ങാന്‍ സുരക്ഷിതമായ സ്ഥലം കാണിച്ചുകൊടുത്തു. നിലവിളി കേട്ട് ചെറിയച്ഛന്‍ കൃഷ്ണന്‍കുട്ടിയും സഹായത്തിന് ഓടിയെത്തി. പൈലറ്റുമാര്‍ ചാടിയിറങ്ങി. എല്ലാവരും കൂടി പിടിച്ചാണ് ബലൂണ്‍ ഒരുവിധം താഴെനിര്‍ത്തിയതെന്നും സുധനകുമാര്‍ പറഞ്ഞു. നടീല്‍ കഴിഞ്ഞ പാടമാണ്. നാശമുണ്ടായിട്ടുണ്ട്. എങ്കിലും കുട്ടികള്‍ രക്ഷപ്പെട്ടല്ലോ എന്നും സുധനകുമാര്‍ ആശ്വസിക്കുന്നു.
ബലൂണ്‍ ഇറങ്ങിയതിന്റെ അടുത്ത് തന്നെയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. വെങ്കലക്കയം ഡാമിലേക്ക് 50 മീറ്റര്‍ മാത്രമേയുള്ളൂ. അത് ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നുവെന്നും സുധനകുമാറും കൃഷ്ണന്‍ കുട്ടിയും പറഞ്ഞു.
തമിഴ്‌നാട് ടൂറിസം വകുപ്പിന്റെ വകുപ്പ് പൊള്ളാച്ചിയില്‍ നടത്തുന്ന അന്താരാഷ്ട്ര ബലൂണ്‍ ഉത്സവത്തിന്റെ ഭാഗമായാണ് ചുടുവായു നിറച്ച ആനയുടെ രൂപമുള്ള ബലൂണ്‍ പറത്തിയത്. രാവിലെ 7.15നായിരുന്നു ഇത്. ഇന്ധനം തീരുകയാണെന്ന് മനസിലായപ്പോള്‍ പൈലറ്റ് ബലൂണ്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും തെങ്ങിന്‍തോപ്പുകള്‍ കൂടുതലായുള്ള പ്രദേശമായതിനാല്‍ ഒഴിഞ്ഞ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടി. പൊള്ളാച്ചിയില്‍ നിന്ന് ഒരു മണിക്കൂറില്‍ 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയിലെത്തിയത്.
ഇവരെ പിന്തുടര്‍ന്ന് റോഡ് മാര്‍ഗം തമിഴ്‌നാട് പൊലീസും സംഘാടകരും ഉണ്ടായിരുന്നു. ബലൂണ്‍ താഴെയിറങ്ങി അല്‍പസമയത്തിനകം ഇവരും സ്ഥലത്തെത്തി.
Content Highlights: The balloon flew about 20 km from Pollachi and landed at Kannimari