കൊച്ചി: വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിനായി സർക്കാരിന് അനുമതി നൽകിയ ഉത്തരവിനെതിരെ അപ്പീലുമായി ഹാരിസൺസ് മലയാളം ലിമിറ്റഡ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് ഹാരിസൺസ് മലയാളം ലിമിറ്റഡ് അപ്പീൽ നൽകിയത്. മതിയായ നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ സ്ഥലമേറ്റെടുക്കുന്നതെന്നാണ് ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ വാദം.
സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ല. സ്വകാര്യ സ്ഥലം സ്ഥിരമായി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമാണ്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ഹാരിസൺസ് മലയാളം ലിമിറ്റഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാതൃകാ ടൗൺഷിപ്പ് പദ്ധതി തീരുമാനം ചോദ്യം ചെയ്താണ് ഹാരിസൺസ് മലയാളം ലിമിറ്റഡിൻ്റെ അപ്പീൽ. അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളികൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എസ്റ്റേറ്റ് ഭൂമി ടൗൺഷിപ്പ് ആയി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണം. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഹാരിസൺ മലയാളം ലിമിറ്റഡും എൽസ്റ്റണുമാണ് എസ്റ്റേറ്റുമായിരുന്നു ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഉത്തരവിട്ടതിൻ്റെ പിറ്റേന്ന് മുതൽ നടപടികൾ ആരംഭിക്കാമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ പുനരധിവാസ ഭൂമിയിൽ സർവ്വേ നടപടികൾ നടന്നിരുന്നു.
വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതിയുടെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. കിഫ്ബി കൺസൾട്ടൻസി കമ്പനിയായ കിഫ്‌കോൺ നിർമ്മാണ മേൽനോട്ടം നടത്താനാണ് തീരുമാനം. രണ്ട് ടൗൺഷിപ്പുകളാണ് വയനാട്ടിൽ നിർമ്മിക്കുന്നത്. 1000 സ്‌ക്വയർ ഫീറ്റ് വീടുകളായിരിക്കും നിർമ്മിക്കുക. പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനും മന്ത്രിസഭ അംഗീകരിച്ചിരുന്നു.
Content Highlights: Wayanad Rehabilitation Harrisons Malayalam Limited moved to high Court division bench