തൃശൂർ: ചിൽഡ്രൻസ് ഹോമിൽ പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കെയർടേക്കർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി. കെയർടേക്കർമാർക്കെതിരെ അന്വേഷണം നടത്തുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകീട്ട് രണ്ട് കുട്ടികൾ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. പക്ഷേ ഇന്നലെ തന്നെ പ്രശ്നം പരിഹരിച്ചിരുന്നു. തർക്കത്തിനിടയിൽ 15കാരന് പരിക്ക് ഉണ്ടായിരുന്നു. അതിൽ പ്രകോപിതനായാണ് ഇന്ന് രാവിലെ തർക്കമുണ്ടായതെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് തൃശൂർ ചിൽഡ്രൻസ് ഹോമിൽ പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. യുപി സ്വദേശിയായ അങ്കിത് ആണ് മരിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നും 2023 ലാണ് അങ്കിത് തൃശൂർ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്. കൊല നടത്തിയ 15 വയസ്സുകാരൻ ഒരുമാസം മുമ്പാണ് ചിൽഡ്രൻസ് ഹോമിലെത്തിയത്.
Content Highlights: Thrissur Collector Arjun Pandian Responde to Murder at Children's Home