കഞ്ചിക്കോട് മദ്യനിർമ്മാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനം ദുരൂഹം; അഴിമതി അനുവദിക്കില്ലെന്ന് വി ഡി സതീശൻ

'സർക്കാരിന്റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം'

dot image

തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിർമ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.

രാജ്യത്തെ പ്രമുഖ മദ്യ നിർമ്മാണ കമ്പനികളിൽ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങൾ എന്താണെന്നും സർക്കാർ പൊതുസമൂഹത്തോട് പറയണം. മദ്യ നിർമ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

26 വർഷമായി സംസ്ഥാനത്ത് മദ്യ നിർമാണശാലകൾ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാൽ മദ്യനിർമാണശാലകൾ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. 2018ലും ബ്രൂവറി അനുവദിക്കാൻ ഒളിച്ചും പാത്തും സർക്കാർ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ വീണ്ടും നടത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

1999 മുതൽ കൈക്കൊണ്ടിരുന്ന നിലപാടിൽ എങ്ങനെ മാറ്റം വന്നു എന്നതും ഇപ്പോൾ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വർധിപ്പിക്കുന്നു. ജല ദൗർലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗർഭ ജലം ഊറ്റിയെടുത്ത കൊക്കക്കോള കമ്പനിയെ വർഷങ്ങൾ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയിൽ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സർക്കാരിന്റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. സുതാര്യമല്ലാത്ത ഈ തീരുമാനത്തിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും വാർത്താക്കുറിപ്പിൽ വി ഡി സതീശൻ ആരോപിച്ചു.

Content Highlights: Cabinet decision to allow Kanchikode brewery is mysterious VD Satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us