തിരുവന്തപുരം: സൈബറിടത്തിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ വടിയെടുക്കാൻ സിപിഐ. അധിക്ഷേപകരമായ രീതിയിൽ പ്രവർത്തകർ സൈബറിടങ്ങളിൽ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാൻ പാർട്ടി തീരുമാനിച്ചു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇത് സംബന്ധിച്ച് പാർട്ടി ഭരണഘടനയിൽ ഭേദഗതി കൊണ്ടുവന്നിരുന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പാർട്ടിയെയും പാർട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതും ഏതെങ്കിലും രീതിയിൽ അധിക്ഷേപിക്കുന്നതും ഗുരുതര കുറ്റമായി കണക്കാക്കും. ഇവരെ പ്രോത്സഹിപ്പിക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും അതും അച്ചടക്കലംഘനമായി കണക്കാക്കും. ഇത്തരം ഇടപെടൽ നടത്തുന്ന പ്രവർത്തകർക്കെതിരെ പുറത്താക്കൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് പാർട്ടി കടക്കും.
ഇത്തരത്തിൽ പരാമർശം നടത്തുന്ന പ്രവർത്തകർക്ക് പാർട്ടി ഒരാഴ്ച തെറ്റ് തിരുത്താനുള്ള സമയം ആദ്യം കൊടുക്കും. എന്നിട്ടും മാപ്പ് പറഞ്ഞില്ലെങ്കിൽ ആ അംഗത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് ഉപരിഘടകത്തിന് റിപ്പോർട്ട് ചെയ്യണമെന്നാണ് പുതിയ നിർദേശം. സൈബറിടത്തിൽ പാർട്ടി പ്രവർത്തകർ മൂല്യബോധത്തോടെയും പാർട്ടി അംഗമാണെന്ന ഉറച്ച ബോധ്യത്തോടെയും ഇടപെടണമെന്ന് സിപിഐ മുൻപുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കിയ മാർഗ്ഗരേഖയിലാണ് ഈ നിർദേശം ഉള്ളത്.
Content Highlights: CPI to take strict action against members on online interference