തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനല്‍കുമെന്ന് ഡിവൈഎസ്പി. മൃതദേഹം ബന്ധുക്കള്‍ സ്വീകരിക്കുമെനന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'സമാധി' ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കില്‍ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബില്‍ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
അതേസമയം, ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം. ആവശ്യമെങ്കില്‍ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞിരുന്നു.
Content Highlights: DYSP responds on Gopan Swami s body