തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം വീട്ടുവളപ്പിൽ ഉണ്ടാവില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലാവും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
പത്തുമണിയോടെ നടപടിക്രമങ്ങൾ ആരംഭിക്കും. അതിനുമുമ്പ് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളെടുക്കും. ആവശ്യമെങ്കിൽ കുടുംബത്തിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
അൽപം മുമ്പാണ് കല്ലറയില്‍ ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയെന്ന പേര് ചര്‍ച്ചയായത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞിരുന്നു.
Content Highlights: gopan swamy's postmortem will be at medical college