പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍. സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഡിവൈഎസ്പി പറഞ്ഞു.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ചേന്ദമംഗലം കിഴക്കുംപുറത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മരുമകൻ ജിതിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടക്കുമ്പോള്‍ ജിതിന്റെ രണ്ട് കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇവരെ പ്രതി റിതു ആക്രമിച്ചില്ല. കുഞ്ഞുങ്ങളെ പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റി.
ആക്രമണത്തില്‍ കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവുമായുള്ള തര്‍ക്കമാണ് 28കാരനായ റിതുവിനെ അരുംകൊലയില്‍ എത്തിച്ചത്. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. അരുംകൊലയ്ക്ക് ശേഷം പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജിതിന്റെ ബൈക്കിലാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഗൾഫിലായിരുന്ന ജിതിൻ രണ്ട് ദിവസം മുൻപാണ് നാട്ടിൽ എത്തിയത്.
Content Highlights- man who killed three in chennamangalam listed as goonda says police