നെയ്യാറ്റിൻകര സമാധി കേസ്; ഗോപനെ അടക്കം ചെയ്ത സ്ലാബ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു

ആവശ്യമെങ്കിൽ ഭാര്യയേയും മക്കളെയും കരുതൽ തടങ്കലിൽ വെക്കാനും ഉന്നത ഉദ്യോഗസ്ഥകർക്കിടയിൽ നടന്ന ചർച്ചയിൽ ധാരണയായി

dot image

തിരുവനന്തപുരം: നെയ്യാറ്റികരയിലെ സമാധി കേസിൽ ഗോപനെ അടക്കം ചെയ്ത സ്ലാബ് ഇന്ന് പൊളിക്കും. അതിരാവിലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ലാബ് പൊളിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പിയും, നെടുമങ്ങാട് ഡിവൈഎസ്പിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങൾ 200 മീറ്റർ അകലെ നിൽക്കണമെന്നാണ് പോലിസ് നിർദേശം. സ്ഥലത്ത് 150ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും എത്തിച്ചേരുന്നതോടെ സ്ലാബ് പൊളിക്കും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഭാര്യയേയും മക്കളെയും കരുതൽ തടങ്കലിൽ വെക്കാനും ഉന്നത ഉദ്യോഗസ്ഥകർക്കിടയിൽ നടന്ന ചർച്ചയിൽ ധാരണയായി.

സ്ലാബ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹ‍ർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ലാബ് വേഗത്തിൽ പൊളിക്കാൻ തീരുമാനമായത്. ഭാര്യയുടെയും മക്കളുടെയും എതിർപ്പ് നിലനിൽക്കുന്നുണ്ട്. സബ് കളക്ടർ ഒ വി ആൽഫ്രഡിനാണ് പൊളിക്കലിൻ്റെ ചുമതല.

നേരത്തെ സമാധിയായെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപൻ്റെ മരണസർട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപൻ എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കിൽ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കിയിരുന്നു. മരണം രജിസ്റ്റർ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കിൽ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചിരുന്നു.

അതേസമയം ഗോപൻ സമാധിയായതാണെന്ന് കുടുംബം ആവർത്തിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുണ്ട്. സമാധിയായെന്ന് മക്കൾ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ചികിത്സക്കായി ഗോപൻ സ്വാമി ആശുപത്രിയിൽ പോയത്. അച്ഛൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നാണ് മക്കൾ പറയുന്നത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛൻ നടന്ന് പോയാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നുമാണ് പൂജാരിയായ മകൻ രാജശേഖരൻ പറഞ്ഞത്.

ഗോപൻ മരിച്ച ദിവസം രണ്ടുപേർ വീട്ടിൽ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്തും പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കൾ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങൾ അല്ലാതെ മറ്റാരും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കൾ പറഞ്ഞിരുന്നത്. എന്നാൽ രണ്ടുപേർ രാവിലെ വന്ന് ഗോപൻ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകൻ മൊഴി നൽകിയിരിക്കുന്നത്.

Content Highlights: Neyyatinkara Samadhi Case; Proceedings will begin to demolish the slab where Gopan was buried

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us