തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമെന്ന് വിലയിരുത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ് എച്ച് ഒ എസ് ബി പ്രവീൺ. മരണകാരണം വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുളളു. കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നും എസ് എച്ച് ഒ അറിയിച്ചു.
ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം ലഭിക്കണം. ഇതിന് ശേഷം മാത്രമേ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ. അതേസമയം, ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിംസ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.
ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ കുടുംബത്തിന് വിട്ടു നൽകും. മതാചാര പ്രകാരം നാളെയായിരിക്കും സംസ്കാരം നടക്കുക. അതിനിടെ ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടായതെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നും മകൻ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.
Content Highlights: Police Said Gopan Swamy Seath Cannot be Considered as Natural