'വിഷം അകത്ത് ചെന്നാല്‍ എത്ര നേരം കൊണ്ട് മരിക്കും?'; ഷാരോണ്‍ വധക്കേസ് വിധി 17ന്

2022 ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിക്കുന്നത്.

dot image

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി 17ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രണയബന്ധത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാത്തതിനെ തുടര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മൂന്ന് ദിവസങ്ങളിലായി നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും തെളിവ നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു.

ഗ്രീഷ്മയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിഷത്തിന്റെ പ്രവര്‍ത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. ഇതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനരീതിയും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ തിരഞ്ഞത്. ഇത് ഗ്രീഷ്മയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പുറമേ ഷാരോണിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജ്യൂസില്‍ വിഷം ചേര്‍ത്ത് 'ജ്യൂസ് ചലഞ്ച്' നടത്തിയിരുന്നു. അന്ന് ജ്യൂസിന് കയ്പ്പായതിനാല്‍ ഷാരോണ്‍ പൂര്‍ണമായി ഉപയോഗിച്ചില്ല. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്തത്. ജ്യൂസ് ചലഞ്ചിന് മുന്‍പായി പാരസെറ്റമോളിനെ കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷയത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയില്‍ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോണ്‍ രാജ് കുടിച്ച ശേഷം വീട്ടില്‍ നിന്ന് പോയി എന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കെട്ടുകഥകള്‍ ആണെന്നും ഡിജിറ്റല്‍ തെളിവുകളുടെയും മെഡിക്കല്‍ തെളിവുകളുടെയും ഫൊറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു.

2022 ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിക്കുന്നത്. ഗ്രീഷ്മ, അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍കുമാറിന്റെയും സഹായത്തോടെ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒക്ടോബര്‍ പതിമൂന്ന്, പതിനാല് ദിവസങ്ങളില്‍ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി. അവശനിലയിലായ ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് ഷാരോണ്‍ മരിക്കുന്നത്. പാറശ്ശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Content Highlights: Sharon murder case judgment on January 17

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us