വന നിയമ ഭേദ​ഗതി ബിൽ പിൻവലിച്ചതിനെ സ്വാ​ഗതം ചെയ്ത് താമരശ്ശേരി രൂപത

'കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകണം'

dot image

കോഴിക്കോട്: വന നിയമ ഭേദ​ഗതി ബിൽ പിൻവലിച്ചതിനെ സ്വാ​ഗതം ചെയ്ത് താമരശ്ശേരി രൂപത. വനനിയമ ഭേദഗതി പിൻവലിച്ചത് ആശ്വാസകരമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി. മലയോര ജനതയുടെ ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചു. മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ ബിഷപ്പ് കിരാതനിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടന്നുവെന്നും കുറ്റപ്പെടുത്തി. സമ്മർദ്ദം കൊണ്ടാണ് ഭേദഗതി പിൻവലിച്ചത്. പി വി അൻവറിൻ്റെ തീരുമാനങ്ങൾ സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. അൻവറിന് നന്ദി പറഞ്ഞ ബിഷപ്പ് അൻവർ ഇടപെടുന്നതിന് മുൻപ് തന്നെ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സഭക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും വ്യക്തമാക്കി. പി വി അൻവർ മാത്രമല്ല 140 എംഎൽഎമാരും ഈ വിഷയത്തിൽ ശക്തമായ പിന്തുണ നൽകണം. അത് അവരുടെ ഉത്തരവാദിത്വമാണെന്നും ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

മറയൂർ ചന്ദന മോഷണക്കേസിൽ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ലെന്നും ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ ചോദിച്ചു. വേലി തന്നെ വിളവ് തിന്നുകയാണ്. വനപാലകരെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണ്. വന്യമൃഗ ശല്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ചിരുന്നു. സംസ്ഥാനങ്ങൾ അവരുടെ സാധ്യത പ്രയോജനപ്പെടുത്തട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും താമരശ്ശേരി ബിഷപ്പ് ചൂണ്ടിക്കാണിച്ചു. കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകണം. കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി നൽകിയെങ്കിലും, കർഷകർക്ക് തോക്കിന് ലൈസൻസ് നൽകുന്നില്ല. വന്യമൃഗ ശല്യത്തിൽ സർക്കാർ ആത്മാർത്ഥത കാണിക്കട്ടെയെന്നും താമരശ്ശേരി ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

വനനിയമ ഭേ​ദ​ഗതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേ​ദ​ഗതിയുമായി മുന്നോട്ടില്ല, നിയമം മനുഷ്യർക്ക് വേണ്ടിയാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഭേദ​ഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ട്. ഇപ്പോഴത്തെ ഭേദ​ഗതി നിർദേശങ്ങൾ യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കവെ ഉള്ളതാണ്. വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദ​ഗതി. അതിന്റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും വകുപ്പിൽ നിക്ഷിപ്തമായ അധികാരം ദുർവിനിയോ​ഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ സർക്കാർ ​ഗൗരവത്തിലെടുക്കുന്നു. കർഷകർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കുമെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Thamarassery Diocese welcomes withdrawal of Forest Act Amendment Bill

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us