പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കെഎസ് ഇ ബി ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് അയ്യപ്പ സേവാ സംഘം.
മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ വടശ്ശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയ തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് അപകടത്തിൽപ്പെട്ടത്.വടശ്ശേരിക്കര പാലത്തിന് സമീപം വൈദ്യതി പോസ്റ്റിൽ നിന്നും റോഡരുകിലേക്ക് വീണ് കിടന്നിരുന്ന വയറിൽ നിന്നുമാണ് തീർത്ഥാടകന് ഷോക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11ന് വടശ്ശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം.കെഎസ് ഇ ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ച് തീർത്ഥാടകനെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം കെഎസ്ഇബിയുടെ അനുമതിയില്ലാതെ ആരോ വൈദ്യുതി പോസ്റ്റിൽ നിന്നും വയർ വലിച്ചതാണെന്നും തീർത്ഥാടകൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കെഎസ് ഇ ബി അധികൃതർ വ്യക്തമാക്കി. റാന്നി പെരുനാട് പൊലീസ് സ്റ്റേഷനിൽ കെഎസ് ഇ ബി പരാതി നൽകി.
Content Highlight : Sabarimala pilgrim died of electrocution; Ayyappa Seva Sangam says that a case should be filed for murder