കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി റിനൈ മെഡിസിറ്റിയില്‍ എത്തിയാണ് മുഖ്യമന്ത്രി എംഎല്‍എയുടെ ആരോഗ്യസ്ഥിതി തിരക്കിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എന്നാല്‍ അത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്നും ഉമാ തോമസ് അറിയിച്ചു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോളിന്റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മിനിസ്റ്ററോ ഇപ്പോള്‍ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലിയില്‍ ചില്ലപ്പോള്‍ താനുണ്ടാവില്ലായെന്നുമാണ് ഉമ തോമസ് വീഡിയോ കോളില്‍ പറയുന്നത്. ബിന്ദു മിനിസ്റ്റര്‍ വന്നതിലുള്ള സന്തോഷവും വിഡിയോ കോളില്‍ പ്രകടിപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
Content Highlights: C M Pinarayi Vijayan Meet Uma Thomas at Hospital