'പൊതുനിരത്തിൽ സ്റ്റേജ് കെട്ടരുതെന്ന് അറിയില്ലേ'...; എഐടിയുസി പ്രവർത്തകരെ പരസ്യമായി ശാസിച്ച് ബിനോയ് വിശ്വം

നേതാവിന്റെ ശകാരത്തിന് പിന്നാലെ സ്റ്റേജ് പ്രവർത്തകർ പൊളിച്ചുമാറ്റുകയും ചെയ്തു

dot image

തിരുവനന്തപുരം: പൊതുനിരത്തിൽ സ്റ്റേജ് കെട്ടിയതിന് എഐടിയുസി പ്രവർ‌ത്തകരെ പരസ്യമായി ശാസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൊതുനിരത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് അറിയില്ലെ, പിന്നെ എന്തിനാണ് ഇത് ചെയ്തതെന്നും ബിനോയ് വിശ്വം പ്രവർത്തകരോട് ചോദിച്ചു. നേതാവിന്റെ ശകാരത്തിന് പിന്നാലെ സ്റ്റേജ് പ്രവർത്തകർ പൊളിച്ചുമാറ്റുകയും ചെയ്തു.

സെക്രട്ടറിയേറ്റിന് മുമ്പിൽ എഐടിയുസി സമരത്തിന് കെട്ടിയ സ്റ്റേജാണ് പൊളിച്ചുമാറ്റിയത്. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും, സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുളള അവ​ഗണന അവസാനിപ്പിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു എഐടിയുസിയുടെ സെക്രട്ടറിയേറ്റ് മാർച്ച്. യൂണിവേഴ്സിറ്റി കോളജിൽ നിന്ന് തുടങ്ങി സെക്രട്ടറിയേറ്റ് വരെയായിരുന്നു സമരം. രണ്ട് ലോറികൾ ചേർത്തിട്ടായിരുന്നു സമരത്തിന്റെ ഭാ​ഗമായുളള വേദി കെട്ടിയത്. ഇത് കണ്ടയുടനെ ബിനോയ് വിശ്വം പ്രവർത്തകരെ ശാസിക്കുകയായിരുന്നു.

നേരത്തെ റോഡിൽ സ്റ്റേജ് കെട്ടി സമരം ചെയ്തതിന് ബിനോയ് വിശ്വം ഉൾപ്പെടെയുളള നേതാക്കളെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു. ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ വഴി തടഞ്ഞ് സമരം നടത്തിയതിലാണ് ബിനോയ് വിശ്വത്തെ ഹൈക്കോടതി വിളിപ്പിച്ചത്. പാളയം ഏരിയ സമ്മേളനത്തിന്റെ ഭാ​ഗമായി പൊതുനിരത്തിൽ പന്തൽ കെട്ടിയതിന്റെ ഭാ​ഗമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനേയും ഹൈക്കോടതി വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ കൂടിയാണ് സിപിഐ നേതാവിന്റെ ശകാരം.

Content Highlights: CPI Leader Binoy Viswam Against AITUC for Making Stage in Road

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us