തിരുവനന്തപുരം: കെപിസിസി കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ചെയർമാനായി സി ആർ മഹേഷ് എംഎൽഎ ചുമതലയേറ്റു. സംസ്കാര സാഹിതിയുടെ പ്രവർത്തനം കൂടുതൽ ഊർജിതമായി സംഘടനയുടെ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുമെന്ന് ചുമതലയേറ്റതിന് ശേഷം എംഎൽഎ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് വെച്ചാണ് എംഎൽഎ ചുമതലയേറ്റത്. കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു സി ആർ മഹേഷ് ചുമതല ഏറ്റെടുത്തത്.
സംസ്കാര സാഹിതിയുടെ കീഴിലുളള സാഹിതി തിയേറ്റേഴ്സ് നടത്തുന്ന നാടകം 'മുച്ചീട്ടുകാരന്റെ മകൾ' വിജയകരമായി പ്രദർശനം തുടരുകയാണെന്ന് സി ആർ മഹേഷ് പറഞ്ഞു. നൂറോളം വേദികളിൽ നാടകം കളിച്ചു. ഇനിയും 250ൽ പരം ബുക്കിങുകളാണ് നാടകത്തിന് ലഭിച്ചിട്ടുളളത്. നാടകത്തിനും സാഹിതി തിയേറ്റേഴ്സിനും ലഭിച്ച ജനപ്രിയതയുടെ അടയാളമാണിതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളിൽ വിമർശനവിധേയമാക്കേണ്ട വിഷയങ്ങളെ സംസ്കാര സാഹിതി സർഗാത്മക ഭാവനയിലൂടെ പൊതുസമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുമെന്നും സി ആർ മഹേഷ് എംഎൽഎ കൂട്ടിച്ചേർത്തു.
സംസ്‌കാര സാഹിതി കണ്‍വീനര്‍ ആലപ്പി അഷറഫ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം ലിജു, ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: CR Mahesh MLA Took Charge in KPCC Samskara Sahithi Chairman