നെടുമങ്ങാട്: ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെട്ട പതിനേഴ് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി ആര്‍ അനില്‍. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാരുമായി സംസാരിച്ചതില്‍ നിന്ന് വ്യക്തമായത്. ബാക്കിയുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ ജില്ലാ ആശുപത്രിയില്‍ 29 പേരെയാണ് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതില്‍ പതിനേഴ് പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീ മരണപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. കാട്ടാക്കടയില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കടയില്‍ നിന്ന് നെടുമങ്ങാട് എത്തിയപ്പോള്‍ തന്നെ അപകടം സംഭവിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാത്രി 10.20 ഓടെ നെടുമങ്ങാട് ഇരിഞ്ചിയത്താണ് ദാരുണമായ സംഭവം നടന്നത്. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു.ബസില്‍ 49 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ അധികവും കുട്ടികളായിരുന്നുവെന്നാണ് സൂചന. മറിഞ്ഞ ബസ് ക്രെയിന്റെ സഹായത്തോടെ ഉയര്‍ത്തി. ബസിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നില്ല എന്നത് ആശ്വാസം പകരുന്നതാണ്. അതിനിടെ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
Content Highlights- minister g r anil on nedumangadu bus accident