പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി റിതു ജയന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍. പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.
പ്രതി റിതുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥിരം പ്രശ്‌നക്കാരനായ ഇയാള്‍ മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് പല കേസുകളില്‍ നിന്നും തലയൂരിയിരുന്നത്. ചേന്ദമംഗലത്തെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇയാളുടെ മാനസിക നില പൊലീസ് പരിശോധിക്കുകയായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇയാള്‍ എവിടെയും ചികിത്സ തേടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നതായി നാട്ടുകാര്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി ലഹരിക്ക് അടിമയല്ലെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിയെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇന്നലെയാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) ഗുരുതരമായി പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ജിതിന്റെ ബൈക്കെടുത്ത് പോകുകയായിരുന്ന റിതുവിനെ ഹെല്‍മറ്റില്ലാതെ കണ്ടതോടെ പൊലീസ് ചോദ്യം ചെയ്തു. വേണുവിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ വിവരം യാതൊരു കൂസലുമില്ലാതെ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വേണുവിന്റെ കുടുംബവുമായി ഉടലെടുത്ത തര്‍ക്കമാണ് ഇയാളെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.
Content Highlights- munambam dysp on chennamangalam murder case