കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുളള പാട്ടിനെ ട്രോളിയാണ് തന്റെ ഫേസ്ബുക്ക് പേജിൽ 'ചങ്കിലെ ചെങ്കൊടി' എന്ന വിപ്ലവ ഗാനം പങ്കുവെച്ചതെന്ന പ്രതികരണങ്ങളോട് മറുപടിയുമായി സിപിഐഎം നേതാവ് പി ജയരാജൻ. ഇത്തരം വിശകലനങ്ങളിൽ എന്ത് കാര്യം?, കണ്ണൂർ ജില്ല സമ്മേളനം നടക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. താൻ പാട്ട് ഷെയർ ചെയ്തുവെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ പിണറായി വിജയനെ സ്തുതിച്ചുളള പാട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വ്യക്തമാക്കി.
കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പാട്ടാണ് പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പിണറായി വിജയനെ പുകഴ്ത്തിയുളള 'ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ' എന്ന പാട്ട് ചർച്ചയായ സമയത്താണ് ജയരാജൻ വിപ്ലവ ഗാനം ഷെയർ ചെയ്തത്. പി ജയരാജൻ പിണറായി വിജയനെ ട്രോളി എന്നും സ്തുതിഗീതം ഇഷ്ടമായില്ലെന്നും കമ്മന്റുകൾ ഉയർന്നിരുന്നു. എം സ്വരാജാണ് ചങ്കിലെ ചെങ്കൊടി എന്ന പാട്ട് പ്രകാശനം ചെയ്തത്. അനീഷ് തലോറയുടെ രചനയ്ക്ക് ജയകാർത്തിയാണ് സംഗീതം നൽകിയത്.
2017 ല്‍ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ 'കണ്ണൂരിന്റെ ഉദയസൂര്യന്‍' എന്ന സംഗീത ആല്‍ബം വിവാദത്തിനിടയാക്കിയിരുന്നു. പി ജയരാജനെ പുകഴ്ത്തി പാടിയതിനെതിരെ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് തിരുവനന്തപുരം സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. 'കാരണഭൂതൻ' തിരുവാതിരയ്ക്ക് സമാനമാണ് പുതിയ 'ചെമ്പടയ്ക്ക് കാവലാൾ' എന്ന് തുടങ്ങുന്ന പാട്ടെന്നും വിമർശനമുയർന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തിൽ പാർട്ടി നിലപാട് എന്തെന്നത് വ്യക്തമല്ല. എന്നാൽ തങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കുന്നവരല്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പുതിയ പാട്ട് ഇറക്കിയത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഉദ്ഘാടനത്തിൽ ഈ പാട്ട് ആലപിക്കുകയും ചെയ്തു. ധനകാര്യ വകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ എസ് വിമലാണ് സംഗീതം നല്‍കിയത്. സമരധീര സാരഥിയെന്നും കാവലാളെന്നും ഫീനിക്സ് പക്ഷിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്.
Content Highlights: P Jayarajan Shares Revolutionary Song Amidst CM Praise Controversy