'വ്യാജ സ്ത്രീ പീഡനം കെട്ടിച്ചമച്ച് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണി'; അധ്യാപികയ്‌ക്കെതിരെ വിദ്യാർത്ഥി

'മറ്റ് അധ്യാപകരോട് തന്നെ പഠിപ്പിക്കാന്‍ പാടില്ലെന്നും മോര്‍ച്ചറിയില്‍ കയറാനോ നോക്കാനോ പാടില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തി'

dot image

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിയിൽ നിന്നും നേരിട്ട അപമാനങ്ങള്‍ തുറന്ന് പറഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥി. മരിച്ച ഹൃദയത്തേക്കാള്‍ മരവിച്ച മനസുമായി ആണ് താന്‍ ജീവിക്കുന്നതെന്ന് ഫോറന്‍സിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിനീത് കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണ്‍ തന്നെ വിളിച്ച തെറി വിളികളടക്കം കുറിപ്പില്‍ വിനീത് സൂചിപ്പിക്കുന്നു. എല്ലാവരുടെയും മുന്നില്‍ വെച്ച് എച്ച്ഒഡി രണ്ട് തവണ കൈ ഉയര്‍ത്തി മുഖത്തടിക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

'പരസ്യമായി അപമാനിക്കുകയും കുറ്റപ്പെടുത്തുകയും പ്രകോപനമില്ലാതെ പൊട്ടിത്തെറിക്കുകയും തോല്‍പ്പിക്കുമെന്നുള്ള ഭീഷണിയും കാരണം എന്റെയടക്കം പിജി വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഡിപ്പാര്‍ട്ട്മെന്റിലെ മറ്റധ്യാപകരും ഇതുപോലെ എച്ച്ഒഡിയില്‍ നിന്ന് പലവിധ ടോര്‍ച്ചറുകള്‍ അനുഭവിച്ചുവരുന്നു. അടുത്തിടെ ഒരധ്യാപകന്‍ ട്രാന്‍സ്ഫര്‍ വാങ്ങി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോയി. എച്ച്ഒഡിയും എല്ലാത്തിനും കൂട്ട് നില്‍ക്കുന്ന സീനിയര്‍ പിജി വിദ്യാര്‍ത്ഥിനിയും കൂടി എന്റെ ജീവിതം തകര്‍ക്കാന്‍ എന്ത് വൃത്തികെട്ട പദ്ധതികളും ആവിഷ്‌കരിച്ച് കെണിയിലാക്കാന്‍ ശ്രമിക്കും',കുറിപ്പില്‍ പറയുന്നു.

സീനിയര്‍ പിജി വിദ്യാര്‍ത്ഥിനിയില്‍ നിന്നുള്ള ക്രൂരതകളും വിനീത് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥിനി തന്നെ വ്യക്തിഹത്യ ചെയ്യുകയാണെനന്ന് വിനീത് കൂട്ടിച്ചേര്‍ത്തു. 'സീനിയര്‍ പിജി വിദ്യാര്‍ത്ഥിനിയുടെ കാണാതായ പോസ്റ്റ്‌മോര്‍ട്ടം ഫയലുകള്‍ ഞാനാണെടുത്തതെന്നും എനിക്ക് 'പ്രാന്ത്' ആണെന്നും മറ്റ് പിജി വിദ്യാര്‍ത്ഥികളോട് പറഞ്ഞ് പരത്തുക, വാട്‌സ്ആപ്പുകളില്‍ എനിക്ക് 'ഡില്യൂഷന്‍' ആണെന്ന് പറയുക, എനിക്ക് ക്രിമിനല്‍ ബിഹേവിയര്‍ ആണെന്നും ഞാന്‍ ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു എന്ന് പറഞ്ഞ് ഡിഎംഇക്ക് കത്ത് എഴുതുക തുടങ്ങി പല രീതിയില്‍ എന്നെ വ്യക്തിഹത്യ ചെയ്യുകയാണ് സീനിയര്‍ പിജി വിദ്യാര്‍ത്ഥിനി', വിദ്യാർത്ഥി ഫേസ്ബുക്കിൽ കുറിച്ചു.

Also Read:

കേരളത്തില്‍ മുന്‍പ് നിലനിന്നിരുന്ന ജാതിഭ്രഷ്ടിന് സമാനമായ 'ഓട്ടോസ്പി ഭ്രഷ്ട്' ഏര്‍പ്പെടുത്തിയതിലൂടെ തന്റെ വിദ്യാഭ്യാസം-തൊഴില്‍ എന്നിവ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും വിനീത് സൂചിപ്പിച്ചു. വകുപ്പ് മേധാവിയില്‍ നിന്നും വര്‍ഷങ്ങളായി താനനുഭവിച്ച് വരുന്ന ഗുരുതര ശാരീരിക-മാനസിക പീഡനത്തെ കുറിച്ചും അശ്ലീലം നിറഞ്ഞ അസഭ്യവര്‍ഷത്തെ കുറിച്ചും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നുള്ളത് മുതല്‍ വ്യാജ സ്ത്രീ പീഡനം കെട്ടിച്ചമച്ച് എന്റെ ജീവിതം തന്നെ നശിപ്പിക്കുമെന്നുള്ളത് വരെയുള്ള ഭീഷണിപ്പെടുത്തലുകളെ കുറിച്ചും വിദ്യാഭ്യാസം-തൊഴില്‍ നിഷേധം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ഉള്ള ഗൗരവതരമായ പരാതികള്‍ (ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമീഷന്‍ )ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പിജി പഠനകാലം ഇത്രയും നരകതുല്യമാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. 'പോടാ പട്ടീ' 'You go and fuck off you asshole', 'ഞാനൊരു female… \osbmcp male…എനിക്ക് കേസ് എങ്ങനെ കൊടുക്കണമെന്ന് അറിയാം…' ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയുടെ വായില്‍ നിന്ന് വരുന്ന അശ്ലീലാസഭ്യം നിറഞ്ഞ വാക്കുകളാണിവ.

ക്രൂരതയും പൈശാചികതയും നിറഞ്ഞ് വൈകല്യം ബാധിച്ച മനസിന്റെ ഉടമ ഒരു വിദ്യാര്‍ത്ഥിയോട് ഉള്ളിലെ വിഷം വമിക്കുന്ന രീതിയില്‍ പരസ്യമായി സംസാരിക്കുന്ന ഭാഷയാണിത്. എല്ലാവരുടെയും മുന്നില്‍ വച്ച് എച്ച്ഒഡി രണ്ടു തവണ വലത് കൈ ഉയര്‍ത്തി എന്റെ മുഖത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

'ഗുരു'എന്നാല്‍ ശിഷ്യന്റെ അജ്ഞതയാര്‍ന്ന ഇരുട്ടിനെ മാറ്റി പ്രകാശത്തിലേക്ക് നയിക്കുന്നത് ആണ്. ഇവിടെ ഞാനുള്‍പ്പെടെയുള്ള പിജി വിദ്യാര്‍ഥികളെ ദു:ഖത്തിന്റെയും കണ്ണീരിന്റെയും മാനസിക പിരിമുറുക്കം മുതല്‍ ജീവഹാനിയുടെ തോന്നലുകളില്‍ വരെ ആഴ്ത്തി അവരെ ഇരുട്ടിലാക്കി. പരസ്യമായി അപമാനിക്കുകയും കുറ്റപ്പെടുത്തുകയും പ്രകോപനമില്ലാതെ പൊട്ടിത്തെറിക്കുകയും തോല്‍പ്പിക്കുമെന്നുള്ള ഭീഷണിയും കാരണം എന്റെയടക്കം പിജി വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ഡിപ്പാര്‍ട്ട്മെന്റിലെ മറ്റധ്യാപകരും ഇതുപോലെ എച്ച്ഒഡിയില്‍ നിന്ന് പലവിധ ടോര്‍ച്ചറുകള്‍ അനുഭവിച്ചുവരുന്നു. അടുത്തിടെ ഒരധ്യാപകന്‍ ട്രാന്‍സ്ഫര്‍ വാങ്ങി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോയി. എച്ച്ഒഡിയും എല്ലാത്തിനും കൂട്ട് നില്‍ക്കുന്ന സീനിയര്‍ പിജി വിദ്യാര്‍ത്ഥിനിയും കൂടി എന്റെ ജീവിതം തകര്‍ക്കാന്‍ എന്ത് വൃത്തികെട്ട പദ്ധതികളും ആവിഷ്‌കരിച്ച് കെണിയിലാക്കാന്‍ ശ്രമിക്കും.

സീനിയര്‍ പിജി വിദ്യാര്‍ത്ഥിനിയുടെ കാണാതായ പോസ്റ്റ്‌മോര്‍ട്ടം ഫയലുകള്‍ ഞാനാണെടുത്തതെന്നും എനിക്ക് 'പ്രാന്ത്' ആണെന്നും മറ്റ് പിജി വിദ്യാര്‍ത്ഥികളോട് പറഞ്ഞ് പരത്തുക, വാട്‌സ്ആപ്പുകളില്‍ എനിക്ക് 'ഡില്യൂഷന്‍' ആണെന്ന് പറയുക, എനിക്ക് ക്രിമിനല്‍ ബിഹേവിയര്‍ ആണെന്നും ഞാന്‍ ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു എന്ന് പറഞ്ഞ് ഡിഎംഇക്ക് കത്ത് എഴുതുക തുടങ്ങി പല രീതിയില്‍ എന്നെ വ്യക്തിഹത്യ ചെയ്യുകയാണ് സീനിയര്‍ പിജി വിദ്യാര്‍ത്ഥിനി.

എച്ച്ഒഡിയുടെ മറവില്‍ അറ്റന്‍ഡന്‍സ് തിരിമറി ചെയ്യാം. മറ്റു പിജി വിദ്യാര്‍ത്ഥികളെ ഭരിക്കാം, റാഗ് ചെയ്യാം, ഹരാസ് ചെയ്യാം. വീക്ക്ഓഫ് അല്ലെങ്കില്‍ കാഷ്വല്‍ ലീവ് കിട്ടണമെങ്കില്‍ അതിനും ഈ സീനിയര്‍ പിജിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കണം. കൂടാതെ ഇതുവരെ രണ്ട് തവണകളിലായി 'മോര്‍ച്ചറി ബാന്‍' നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കേസ് തരാതിരിക്കുക, എനിക്ക് അലോട്ട് ചെയ്ത കേസ് എന്റെ പേര് വെട്ടി മറ്റു പിജി വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുക, മറ്റുള്ളവരുടെ കേസ് കാണാനോ മറ്റധ്യാപകരോട് എന്നെ പഠിപ്പിക്കാന്‍ പാടില്ലയെന്നും മോര്‍ച്ചറിയില്‍ കേറാനോ നോക്കാനോ പോലും വിലക്ക് ഏര്‍പ്പെടുത്തി.

കേരളത്തില്‍ മുന്‍പ് നിലനിന്നിരുന്ന ജാതിഭ്രഷ്ട്‌ന് സമാനമായ 'ഓട്ടോസ്പി ഭ്രഷ്ട്' ഏര്‍പ്പെടുത്തിയതിലൂടെ എന്റെ വിദ്യാഭ്യാസം-തൊഴില്‍ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ്. ആദ്യത്തെ ഗ്രീവന്‍സ് കമ്മിറ്റി മുമ്പാകെ അശ്ലീല അസഭ്യം പറഞ്ഞതിനും ശാരീരിക-മാനസിക പീഡനത്തിനും എച്ച്ഒഡി മാപ്പ് പറയുകയും തുടര്‍ന്ന് യാതൊരുവിധ വര്‍ക്ക്‌പ്ലേസ് ഹറാസ്‌മെന്റ്, മെന്റല്‍ ടോര്‍ച്ചര്‍, അക്കാദമിക് ടോര്‍ച്ചര്‍ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പുപറയുകയും എന്നാല്‍ അതിനൊന്നും യാതൊരു വില കല്‍പ്പിക്കാതെയും ഇത്തരത്തില്‍ വ്യക്തിപരമായി പകപോക്കുന്നത് അത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണ്.

വകുപ്പ് മേധാവിയില്‍ നിന്നും വര്‍ഷങ്ങളായി ഞാനനുഭവിച്ച് വരുന്ന ഗുരുതര ശാരീരിക-മാനസിക പീഡനത്തെ കുറിച്ചും അശ്ലീലം നിറഞ്ഞ അസഭ്യവര്‍ഷത്തെ കുറിച്ചും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നുള്ളത് മുതല്‍ വ്യാജ സ്ത്രീ പീഡനം കെട്ടിച്ചമയ്ച്ച് എന്റെ ജീവിതം തന്നെ നശിപ്പിക്കുമെന്നുള്ളത് വരെയുള്ള ഭീഷണിപ്പെടുത്തലുകളെ കുറിച്ചും വിദ്യാഭ്യാസം - തൊഴില്‍ നിഷേധം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ഉള്ള ഗൗരവതരമായ പരാതികള്‍ (ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമീഷന്‍ )ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്.

അന്വേഷണം ഉണ്ടാവുകയും കേറിയിറങ്ങി തെളിവുകള്‍ ഹാജരാക്കുകയും ചെയ്‌തെങ്കിലും നീതിയെനിക്ക് അകലെയാണ്. കോളേജ് തലത്തിലും ഡിഎംഇ തലത്തിലും എന്‍ക്വയറി നടത്തുകയും തുടര്‍ നടപടികള്‍ പുരോഗമിക്കുന്നതായും അറിയുന്നു. എനിക്ക് എത്രയും വേഗം നീതി ലഭിക്കുമെന്ന് സര്‍ക്കാരില്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ പ്രതികാരദാഹിയായി മാറി അതിക്രമങ്ങള്‍ കാണിച്ച എച്ച്ഒഡി ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റില്‍ തുടരുന്നത് ഞാനടക്കമുള്ള പിജി വിദ്യാര്‍ത്ഥികള്‍ക്ക് ജീവഹാനി ഉള്‍പ്പെടെയുള്ള അത്യന്തം അപകടകരമായ അവസ്ഥയാല്‍ ആശങ്കാകുലരാണ്.

പേര് കേട്ട കോളേജിനെയോ അധികാരികളെയോ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെയോ സര്‍ക്കാരിനെയോ അപകീര്‍ത്തിപ്പെടുത്താനല്ല ഈ പോസ്റ്റ്, മരിച്ച ഹൃദയത്തേക്കാള്‍ മരവിച്ച മനസുമായി ആണ് ഞാനിവിടെ കഴിഞ്ഞ് കൂടുന്നത്. എനിക്ക് ഒരു ദിവസമെങ്കിലും സുഖമായി ഉറങ്ങണം, ഭക്ഷണം കഴിക്കണം, ഉളള് തുറന്ന് ചിരിക്കണം, മനസമാധാനത്തോടെ കോളേജില്‍ വരാനും പഠിക്കാനും പറ്റണം. അച്ഛനും അമ്മയ്ക്കും പ്രിന്‍സിപ്പലിനും ഞാന്‍ വാക്ക് കൊടുത്തിട്ടുണ്ട് ഈ പ്രശ്‌നത്തിന്റെ പേരില്‍ അപക്വമായത് ഒന്നും ചെയ്യില്ലെന്ന്…ഈശ്വരന്‍ എനിക്ക് അതിനുള്ള ശക്തി തരട്ടെ. ഇനിയും ഇങ്ങനെ എത്ര നാള്‍ ചത്ത് ജീവിക്കണം…?

Content Highlights: Student against Kottayam Medical College HOD

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us