തിരുവനന്തപുരം: സ്വത്ത് തര്‍ക്ക കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. ചെയ്യാത്ത തെറ്റിന് ആരോപണം നേരിട്ട് വിചാരണയില്ലാതെ ശിക്ഷ അനുഭവിച്ചെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സത്യം ഇഴയുമ്പോള്‍ അസത്യം പാഞ്ഞുപോകും. ജീവിതത്തില്‍ കൃത്രിമം കാണിക്കുന്നയാളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സിനിമയിലും രാഷ്ട്രീയത്തിലും കൃത്രിമം കാട്ടി വളരാന്‍ ശ്രമിച്ചിട്ടില്ല. ഇതിലൂടെ താല്‍ക്കാലികമായി മാത്രം എന്നെ അധിക്ഷേപിക്കാനായി. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നേരത്തെ ഉണ്ടായിരുന്നു. കോടതി ഉത്തരവ് വരുന്നതനുസരിച്ച് കൂടുതല്‍ വിശദീകരിക്കും. മാധ്യമങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ആയിരുന്നില്ല', ഗണേഷ് കുമാര്‍ പറഞ്ഞു.
പിതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി സുപ്രീംകോടതിയില്‍ പോയി അപമാനിതരായത് നേരത്തെയും കണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേസ് കാരണം മന്ത്രിസ്ഥാനം വൈകിയതില്‍ വിഷമമില്ലെന്നും ആ സമയം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ചെലവഴിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രി സ്ഥാനമാണ് വലിയ കാര്യം എന്ന് വിശ്വസിക്കുന്നില്ല. താനൊരു ദൈവവിശ്വാസിയാണെന്നും കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടുമെന്ന വിശ്വാസമുണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
സ്വത്തുക്കള്‍ ഗണേഷ്‌കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു. ഒപ്പ് വ്യാജമാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസിന്റെ വാദം. വില്‍പ്പത്രത്തിലെ ഒപ്പുകള്‍ കൊട്ടാരക്കര മുന്‍സിഫ് കോടതി ഫോറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതിക്ക് കൈമാറിയത്.
വില്‍പത്രത്തിലെ ഒപ്പുകളെല്ലാം ആര്‍ ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. ആര്‍ ബാലകൃഷ്ണപിള്ള അസുഖബാധിതനായിരിക്കുമ്പോള്‍ വാളകത്ത് വീട്ടില്‍ പൂര്‍ണ്ണസമയവും പരിചരിച്ചത് കെ ബി ഗണേഷ് കുമാറായിരുന്നു. അതിനിടെയായിരുന്നു വില്‍പ്പത്രം തയ്യാറാക്കിയത്. കാര്യസ്ഥന് മാത്രം അറിയാവുന്ന കാര്യമായിരുന്നു ഇത്. ബാലകൃഷ്ണപിള്ളയുടെ മരണശേഷം വില്‍പ്പത്രം പുറത്തെടുത്തപ്പോള്‍ സ്വത്തുക്കള്‍ കൂടുതല്‍ ഗണേഷ് കുമാറിനായിരുന്നു. പിന്നാലെയാണ് തര്‍ക്കം ഉടലെടുത്തത്.
Content Highlights: Ganesh Kumar about property case