കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയരംഗങ്ങള്‍. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറുമാറുമെന്ന് ഭയന്ന് കൗണ്‍സിലറെ സിപിഐഎം കടത്തികൊണ്ടുപോയതായി പരാതി. കൗണ്‍സിലര്‍ കലാ രാജുവിനെയാണ് കടത്തികൊണ്ടുപോയത്.
നഗരസഭാ ചെയര്‍പേഴ്‌സന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നാണ് കൗണ്‍സിലറെ കടത്തികൊണ്ടുപോയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. യുഡിഎഫിന് അനുകൂലമായാണ് കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതാണ് തട്ടിക്കൊണ്ടു പോകാനുള്ള കാരണമെന്നാണ് ആരോപണം. നഗരസഭയ്ക്ക് മുന്നില്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ തമ്പടിച്ചുനില്‍ക്കുന്നത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മുന്‍ മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്ത് തുടരുകയാണ്.
അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ല. സിപിഐഎം നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമ്മയെ വിളിക്കുന്നുണ്ടായിരുന്നു. അവിശ്വാസപ്രമേയത്തെ പിന്തുണക്കരുത് എന്നാവശ്യപ്പെട്ടു.സഹകരണ ബാങ്കിലെ വായ്പാ തിരിച്ചടവില്‍ നേതാക്കള്‍ വഞ്ചിച്ചു. സംസ്ഥാന നേതൃത്വത്തിനടക്കം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് പാര്‍ട്ടിയുമായി അകന്നതെന്നും പരാതിക്കാര്‍ പ്രതികരിച്ചു.
Content Highlights: koothattukulam abduction of cpim workers