തിരുവനന്തപുരം: നെടുമങ്ങാട് അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അമിത വേഗത കാരണം വ്യാഴ്ച ബസിനെ ആര്‍ടിഒ പിടികൂടുകയും 2,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊല്ലം ആര്‍ടിഒ ആണ് നടപടി സ്വീകരിച്ചത്. അതിന് തൊട്ടടുത്ത ദിവസമാണ് നെടുമങ്ങാട് ഒരാള്‍ കൊല്ലപ്പെടാനിടയായ അപകടം ഉണ്ടായത്.
ജനുവരി ഒന്‍പതാം തിയ്യതി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് അമിതവേഗതയില്‍ യാത്ര നടത്തിയതിനും തിരുവനന്തപുരം ആര്‍ടിഒ പിഴ ഈടാക്കിയിരുന്നു. നിയമലംഘനത്തിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. വെള്ളിയാഴ്ച രാത്രി നെടുമങ്ങാട് വെച്ചുണ്ടായ അപകടത്തില്‍ ബസിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് കസ്റ്റഡിയില്‍ ആയത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.
ആംബുലന്‍സിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകള്‍ ആണ് ടൂര്‍ പോയത്. പെരുങ്കടവിള, കീഴാറൂര്‍, കാവല്ലൂര്‍ പ്രദേശത്തെ ആളുകളാണ് ഇതില്‍ കൂടുതല്‍ ഉള്ളത്.
Content Highlights: Nedumangad accident was caused by a bus that regularly violated the law MVD