പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐഎം മലയാലപ്പുഴ ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ സസ്പെൻഡ് ചെയ്യപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ സസ്പെൻഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും അഡ്വക്കേറ്റ് എസ് കാർത്തിക ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്.
ആറ് വയസ്സുള്ള കുട്ടിയെ ആക്രമിച്ചു എന്ന് പറഞ്ഞ് തനിക്കെതിരെ കേസെടുപ്പിച്ചത് സി ഡബ്ല്യുസി അംഗം എന്ന സ്ഥാനം തെറിപ്പിക്കാനാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കാർത്തിക ആരോപണം ഉന്നയിച്ചു. സിഡബ്ല്യുസിയിൽ നിന്നും തന്നെ ആരും പുറത്താക്കിയിട്ടില്ല. അന്വേഷണ വിധേയമായി താൻ മാറിനിൽക്കുകയാണെന്നും കാർത്തിക വ്യക്തമാക്കി. കേസെടുപ്പിച്ചത് തൻ്റെ സിഡബ്ല്യുസി അംഗത്വം തെറിപ്പിക്കാനാണ് എന്നത് ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നതുപോലെ തന്നെ പുറത്താക്കിയിട്ടില്ല എന്ന വിവരം അറിയിക്കട്ടെയെന്നും പോസ്റ്റിൽ കാർത്തിക പറയുന്നുണ്ട്.
തൻ്റെ വീട് ആക്രമിച്ച കേസിൽ സിപിഐഎം മലയാലപ്പുഴ ലോക്കൽ സെക്രട്ടറി പ്രതിയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് അയാൾ ലോക്കൽ സെക്രട്ടറി ആയത്. പാർട്ടി നേതാക്കളുടെ മാനസപുത്രനാണ് മലയാലപ്പുഴ ലോക്കൽ സെക്രട്ടറി. പാർട്ടി നേതാക്കൾക്ക് വേണ്ടി ലോക്കൽ സെക്രട്ടറി ഗുണ്ടാപ്പണി ചെയ്യുകയാണെന്നും ലോക്കൽ സെക്രട്ടറി മൂന്നാംകിട ക്രിമിനൽ ആണെന്നും അഡ്വ എസ് കാർത്തികയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു. തന്നെക്കൊണ്ട് കേസ് പിൻവലിപ്പിക്കാനാണ് ശ്രമം. തനിക്കെതിരെയുള്ള പ്രചാരണത്തിന് സിപിഐഎം മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മറുപടി പറയേണ്ടി വരുമെന്നും അഡ്വക്കേറ്റ് എസ് കാർത്തികയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ട്.
സിപിഐഎം നേതാവ് ടി ഡി ബൈജുവിനെയും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. 'സിപിഐഎം പന്തളം ഏരിയാ സമ്മേളനത്തിൽ അന്നത്തെ ജില്ലാ സെക്രട്ടേറിയേറ്റംഗമായ ടി ഡി ബൈജുവിൻ്റെ അസ്വസ്ഥതയും മറുപടിയും പന്തളത്തെ സഖാക്കൾ കണ്ടതാണല്ലോ?
സിഡബ്ല്യുസി അംഗം എന്ന പദവി എനിക്ക് നൽകിയത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ അത് ഉപേക്ഷിക്കാൻ ഞാൻ തയ്യാറുമാണ്. ഞാൻ രാജി സന്നദ്ധത ചെയർമാനെ അറിയിച്ചിരുന്നതും, എന്നാൽ ഈ വിഷയത്തിൻ്റെ സത്യസന്ധത ബോധ്യപ്പെട്ടിട്ടുള്ള അദ്ദേഹം അതിന് അനുവദിക്കാത്ത'തുമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കാർത്തിക ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആറ് വയസ്സുള്ള കുട്ടിയെ ആക്രമിച്ചിട്ടില്ലെന്നും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും കാർത്തിക ഫേസ്ബുക്കിൽ കുറിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് താൻ പരാതി നൽകിയിട്ടുണ്ടെന്നും അഡ്വ എസ് കാർത്തിക റിപ്പോർട്ടറിനോട് പ്രതികരിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറിയെ സംരക്ഷിക്കാനുള്ള നിലപാടാണ് സിപിഐഎം
മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എടുത്തതെന്നും അഡ്വ എസ് കാർത്തിക ആരോപിച്ചു.
Content Highlights: Pathanamthitta CWC member share Facebook post against CPIM Leaders