തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ഹണി റോസിനോട് മാധ്യമങ്ങള്‍ക്ക് പെറ്റമ്മ നയമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
സംഭവത്തില്‍ 'ഹണി റോസിന് തിരിച്ചടി' എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ലെന്നും രാഹുല്‍ പറയുന്നു. തന്റേത് താല്‍ക്കാലിക വിജയമാണ്. പുരുഷ കമ്മീഷന് ഹണി റോസ് പിന്തുണ നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.
യുവജന കമ്മീഷന്‍ തന്റെ ഭാഗം കേട്ടില്ല. വനിതാ-യുവജന കമ്മീഷനുകള്‍ വേട്ടയാടുന്നത് വിഷമകരമാണ്. പുരുഷ കമ്മീഷന്‍ രൂപീകരിക്കണം. പുരുഷന്മാര്‍ക്ക് വേണ്ടി പോരാട്ടം തുടരും. നിയമപരമായി പുരുഷന്മാര്‍ അനാഥരാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
സ്ത്രീപക്ഷം എന്നത് പുരുഷ വേട്ടയാകരുത്. ഹണി റോസ് മദര്‍ തെരേസയാണോ? ഗാന്ധിജിയൊന്നും അല്ലല്ലോ? വിമര്‍ശനത്തിന് അധീതയല്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. സ്ത്രീപക്ഷ നിലപാടുകള്‍ കൈയ്യടി നേടുന്നു. പരാതി നല്‍കുന്നവര്‍ എല്ലാം അതിജീവിതമാര്‍ അല്ല. പുരുഷന്മാരെ വേട്ടക്കാരാക്കി അവരുടെ ജീവിതം നശിപ്പിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ രാഹുല്‍ ഈശ്വർ പറഞ്ഞു.
സിപിഐഎം നേതാവ് ടി വി രാജേഷിന്റെ പഴയ വീഡിയോ ചൂണ്ടികാട്ടി ഇത് ഓരോ പുരുഷന്റേയും കരച്ചില്‍ ആണെന്ന് സ്വന്തം യൂട്യൂബ് ചാനൽ വഴി രാഹുല്‍ ഈശ്വർ പറഞ്ഞിരുന്നു. 'ടി വി രാജേഷിന്റെ കരച്ചില്‍ വേദനയുണ്ടാക്കി. എനിക്ക് അച്ഛനും അമ്മയും ഭാര്യയുമുണ്ടെന്ന് പറഞ്ഞ് നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ നിന്നും പൊട്ടി പൊട്ടി കരയുകയാണ്. ഓരോ പുരുഷനെതിരെയും കള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇത് തന്നെയാണ് മനസ്സില്‍. നിവിന്‍ പോളിയോ എല്‍ദോസ് കുന്നപ്പള്ളിയോ സിദ്ദിഖോ പുറത്ത് കരയുന്നുണ്ടാകില്ല. മനസ്സില്‍ കരയുകയാണ്. ഇവരുടെ ജീവിതത്തില്‍ എത്രമാത്രം ദോഷങ്ങള്‍ ഉണ്ടായിക്കാണും. തീവ്ര ഫെമിനിസ്റ്റുകള്‍ക്കെതിരായ പോരാട്ടമാണ് എന്റേത്' എന്നും രാഹുല്‍ പറഞ്ഞു.
Content Highlights: Rahul Easwar Against Honey Rose