തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.
ഒന്നാം പ്രതിയായ ഗ്രീഷ്മയെ രാവിലെ 9.30 ഓടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപെടും. ഇന്നലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. ഇന്ന് ശിക്ഷാവിധി കേള്‍ക്കാര്‍ രക്ഷിതാക്കള്‍ കോടതിയിലെത്തും.
ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഷാരോണ്‍ മരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്. 2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊല നടന്നത്.
നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.
Content Highlights: Sharon Murder Case Verdict Today