കോഴിക്കോട്: സമസ്ത-സിഐസി തര്‍ക്കം വീണ്ടും തുറന്ന പോരിലേക്ക്. ഇന്‍ഷൂറന്‍സ് എടുക്കുന്നത് നിഷിദ്ധമെന്ന സമസ്ത നിലപാട് തള്ളി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് സെന്റര്‍ രംഗത്തെത്തി. പരസ്പര സഹകരണ ചിന്തകളും പ്രവര്‍ത്തികളും ആധുനിക രൂപം പ്രാപിച്ചതാണ് ഇന്നത്തെ ഇന്‍ഷൂറന്‍സും ക്ഷേമനിധിയും എന്ന് സിഐസി വാഫി ഡോ. ലുക്മാന്‍ വാഫി ഫൈസി അസ്ഹരി പറഞ്ഞു. വാഫി-വഫിയ കലോത്സവത്തില്‍ വെച്ചാണ് മതവിധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം ഉണ്ടായത്.
'പരസ്പര സഹകരണ ചിന്തകളും പ്രവര്‍ത്തികളും ആധുനിക രൂപം പ്രാപിച്ചതാണ് ഇന്നത്തെ ഇന്‍ഷൂറന്‍സും ക്ഷേമനിധിയും. കാലാകാലങ്ങളായി ഉടലെടുക്കുന്ന വിവിധങ്ങളായ സാമ്പത്തികവും അല്ലാത്തതുമായ ഇടപാടുകളുടെ ശരിയും തെറ്റും മനസ്സിലാക്കി സ്വീകരിക്കുകയോ മാറ്റിവെക്കുകയോ ചെയ്യുക. പലിശ ഇസ്ലാമിന്റെ പടിക്ക് പുറത്താണ്. അന്യരുടെ സമ്പത്ത് അനര്‍ഹമായി കൈവശപ്പെടുത്തുന്നതിന് ഇസ്ലാം കൂട്ടുനില്‍ക്കുന്നില്ല. നിഷിദ്ധ മാര്‍ഗങ്ങളിലൂടെ സമ്പാദനവും ഇസ്ലാം അംഗീകരിക്കുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് ഇന്‍ഷൂറന്‍സിനെ പഠനവിധേയമാക്കുന്നത്', ഡോ. ലുക്മാന്‍ വാഫി ഫൈസി അസ്ഹരി പറഞ്ഞു. ഇന്‍ഷൂറന്‍സ്: ഇസ്ലാമിക് വീക്ഷണം എന്നതായിരുന്നു വിഷയം.
സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാവുമ്പോള്‍ റിസ്‌ക് പങ്കിടുന്ന രീതി ഇസ്ലാമിലുണ്ട്. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെടാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. എല്ലാം ഇന്‍ഷൂറന്‍സും ഹറാം ആണെന്ന് പറയേണ്ടതുണ്ടോ എന്നത് ചര്‍ച്ച ചെയ്യണമെന്ന് ഡോ. സലാഹുദ്ദീന്‍ വാഫി കാടേരിയും പറഞ്ഞു.
ലൈഫ് ഇന്‍ഷൂറന്‍സ് പലിശയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വിട്ടുനില്‍ക്കണമെന്നാണ് സമസ്തയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോലുള്ള റിസ്‌ക് ഷെയറിംഗ് ആയിട്ടുള്ള ബാധ്യതകള്‍ പരസ്പരം പങ്കുവെക്കുന്നതില്‍ തെറ്റില്ലെന്നാണ് സിഐസി പറയുന്നത്. ഇന്‍ഷൂറന്‍സ് മതവിരുദ്ധമല്ലാതാക്കുന്ന പ്രസ്താവനയാണ് സിഐസി നടത്തിയത്. നേരത്തെ സമസ്ത സിഐസിയെ തള്ളിയിരുന്നു.
സിഐസി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയല്ലെന്നായിരുന്നു ഹക്കീം ഫൈസി ആദൃശ്ശേരിയുടെ പ്രസ്താവന. സിഐസി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയല്ല. സെനറ്റിലും സിന്‍ഡിക്കേറ്റിലും സ്ത്രീകളെ ഉള്‍പ്പെടുത്തരുതെന്ന സമസ്തയുടെ നിര്‍ദേശം പ്രായോഗികമല്ല. സമസ്തയുടെ ശൈലികളില്‍ മാറ്റം വേണമെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: it is impossible to live without insurance CIC rejected Samasta