കോഴിക്കോട്: പുതുപ്പാടിയില്‍ അമ്മയെ വെട്ടിക്കൊന്ന പ്രതി ആഷിഖ് നേരത്തെയും കൊലപാതകം നടത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. അമ്മ സുബൈദയെ കൊല്ലുമെന്ന് പ്രതി പലരോടും പറഞ്ഞിരുന്നതായും താമരശ്ശേരി സി ഐ സായൂജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍ അമ്മയോട് സ്വത്ത് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പണം ആവശ്യപ്പെടാറുണ്ടെന്നും സി ഐ പറഞ്ഞു. ഇതെല്ലാം അമ്മയോടുള്ള വൈരാഗ്യത്തിന് കാരണമായിരിക്കാമെന്നും സായൂജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മസ്തിഷ്‌കാര്‍ബുദത്തിന് ചികിത്സയിലുള്ള സുബൈദയെ ആഷിഖ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു കൊലപാതകത്തിന് പിന്നാലെ പ്രതി നടത്തിയ പ്രതികരണം.
നിലവില്‍ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍. സുബൈദ സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. ഷക്കീല ജോലിക്ക് പോയ സമയത്താണ് ആഷിഖ് കൊല നടത്തിയത്. അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിക്കുകയും മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തിനും മുഖത്തുമാണ് വെട്ടേറ്റത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് ഷക്കീലയുടെ പ്രതികരണം. ലഹരിക്ക് അടിമയായതിന് പിന്നാലെ ആഷിഖ് വീട്ടില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ ഒരു തവണ നാട്ടുകാര്‍ പിടിച്ച് ആഷിഖിനെ പൊലീസില്‍ ഏല്‍പിച്ചിരുന്നു.
പിന്നീട് ആഷിഖിനെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ആഷിഖ് ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ എത്തിയത്ത്. നാല് ദിവസം കൂട്ടുകാരോടൊപ്പം ചിലവഴിച്ച ശേഷമാണ് ഇന്നലെ ആഷിഖ് വീട്ടിലെത്തിയത്. പിന്നാലെയാണ് മാതാവിനെ വെട്ടി കൊലപ്പെടുത്തിയത്.
Content Highlights: Puthuppadi death case Son already try to kill mother