ഒരുമിച്ച് നില്‍ക്കണമെന്ന് കെ സി വേണുഗോപാല്‍; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം അവസാനിച്ചു

മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാന്‍ വയ്യെന്നും അഭിപ്രായമുണ്ടായി.

dot image

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം അവസാനിച്ചു. ഐക്യത്തിന് ആഹ്വാനം ചെയ്താണ് യോഗം അവസാനിച്ചത്. ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്ന പരാതി യോഗത്തിന് മുന്നില്‍ വന്നു. സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തെ അറിയിച്ചു.

ഒരുമിച്ച് നില്‍ക്കണമെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യ സമിതി മാസംതോറും യോഗം ചേരണം. കൃത്യമായ കൂടിയാലോചനകള്‍ നടത്തണം. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐക്യത്തില്‍ പോകാന്‍ തീരുമാനിച്ചത് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദീപാ ദാസ് മുന്‍ഷിയും പങ്കെടുക്കും.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുതിര്‍ന്ന നേതാവ് പി ജെ കുര്യനാണ് വിമര്‍ശനം തുടങ്ങിവെച്ചത്. മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോകരുത്. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ കൂട്ടായ തീരുമാനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാന്‍ വയ്യെന്നും അഭിപ്രായമുണ്ടായി.

Content Highlights: The meeting of the Congress Political Affairs Committee has ended

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us