തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കോണ്‍ഗ്രസ്. സമൂഹ മാധ്യമ പ്രവര്‍ത്തനത്തിന് മാനദണ്ഡം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടേതാണ് ഈ തീരുമാനം.
പാര്‍ട്ടിയില്‍ ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുന്ന ഘട്ടത്തില്‍ നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ സ്വന്തം നിലക്ക് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് തലവേദനയായിരുന്നു. ഈ പ്രവണത ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. അത് കൊണ്ടാണ് സമൂഹ മാധ്യമ ഉപയോഗത്തില്‍ മാനദണ്ഡം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഐക്യത്തിന് ആഹ്വാനം ചെയ്താണ് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം അവസാനിച്ചത്. ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്ന പരാതി യോഗത്തിന് മുന്നില്‍ വന്നു. സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തെ അറിയിച്ചു.
ഒരുമിച്ച് നില്‍ക്കണമെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യ സമിതി മാസംതോറും യോഗം ചേരണം. കൃത്യമായ കൂടിയാലോചനകള്‍ നടത്തണം. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുതിര്‍ന്ന നേതാവ് പി ജെ കുര്യനാണ് വിമര്‍ശനം തുടങ്ങിവെച്ചത്. മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോകരുത്. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ കൂട്ടായ തീരുമാനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാന്‍ വയ്യെന്നും അഭിപ്രായമുണ്ടായി.
Content Highlights: Congress to restrict use of 'social media'; The criteria will be set