തിരുവനന്തപുരം: ഷാരോണിൻ്റെ കൊലപാതകം സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നത് എന്ന കാഴ്ചപ്പാടിൽ ഊന്നിയുള്ള വിധിന്യായമാണ് വിചാരണ കോടതി പ്രസ്താവിച്ചിരിക്കുന്നത്. ഗ്രീഷ്മ ഷാരോണിനെ ചതിച്ചുവെന്നും പ്രതി ഒരു തരത്തിലുമുള്ള ദയ അർഹിക്കുന്നില്ലെന്നുമുള്ള കണ്ടെത്തൽ വിധിന്യായത്തിലെ ഓരോ വാക്യത്തിലും കോടതി അടയാളപ്പെടുത്തിയിട്ടുണ്ട്.
നരകിച്ചാണ് ഷാരോൺ മരിച്ചത് എന്ന വിധിന്യായത്തിലെ പരാമർശത്തിലൂടെ കുറ്റകൃത്യത്തിൻ്റെ ഗൗരവവും അസാധരണ സ്വഭാവവും കോടതി വ്യക്തമാക്കുന്നുണ്ട്. ഗ്രീഷ്മ നടത്തിയത് ആസൂത്രിതമായ ഒരു കൊലപാതകമാണെന്ന് വിധി ന്യായം അസന്നിഗ്ധമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. പല കള്ളങ്ങളും ഗ്രീഷ്മ പറഞ്ഞു. സ്നേഹിക്കുന്ന ഒരാളെ ചതിക്കുന്നത് ഒരിക്കലും നല്ല സന്ദേശമല്ല നൽകുന്നത്. കുറ്റകൃതത്തിന് ശേഷവും ഗ്രീഷ്മ സ്നേഹം നടിച്ചുവെന്നും ഷാരോണിന് നിരന്തരം സന്ദേശങ്ങൾ അയച്ചുവെന്നും കോടതി പറഞ്ഞു. ഇനിയും പ്രതി ഇങ്ങനെ ചെയ്യില്ലെന്ന് തങ്ങൾക്ക് ഉറപ്പില്ല എന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഷാരോണിന്റെ ആത്മാർത്ഥമായ പ്രണയത്തെ ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ പരാമർശങ്ങൾ ഏറെയും. മരണക്കിടക്കയിൽ പോലും ഗ്രീഷ്മയെ ഷാരോൺ സംശയിച്ചില്ല. പ്രണയത്തിൻ്റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. 11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ സാധിക്കാതിരുന്നിട്ടും ഗ്രീഷ്മയെ ഷാരോൺ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമ നടപടിക്ക് വിധേയമാക്കരുതെന്നും ഷാരോൺ ആഗ്രഹിച്ചു.
അത്രയ്ക്ക് അഗാധമായ പ്രണയമായിരുന്നു ഷാരോണിന് ഗ്രീഷ്മയോട് ഉണ്ടായിരുന്നതെന്ന് കോടതി ഊന്നിപ്പറഞ്ഞു. വാവേ എന്നാണ് വിളിച്ചിരുന്നത്. ഷാരോണുമായി ബന്ധം നിലനില്‍ക്കെ പ്രതിശ്രുത വരനുമായി ഗ്രീഷ്മ നല്ല ബന്ധം വെച്ചിരുന്നുവെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. ഷാരോൺ ഗ്രീഷ്മയെ സംഭവ ദിവസം മർദ്ദിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്ന് വിധി ന്യായത്തിൽ കോടതി വ്യക്തമാക്കി. നേരത്തെ പ്രതിഭാഗം ഉയർത്തിയ സമാനമായ വാദത്തെയാണ് ഇതിലൂടെ കോടതി നിരാകരിച്ചിരിക്കുന്നത്. പിടിക്കപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ ഗ്രീഷ്മ കൗശലം ഇറക്കി. പല കള്ളങ്ങള്‍ പറഞ്ഞു. കൊലപാതക പ്ലാന്‍ ഷാരോണിന് അറിയില്ലായിരുന്നു. സ്‌നേഹിക്കുന്ന ഒരാളെ ചതിച്ചു. സമൂഹത്തിന് ഇത് നല്‍കുന്നത് മികച്ച സന്ദേശമല്ല. ഇര നിഷ്കളങ്കനാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നുണ്ട്.
വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി പൊലീസ് അന്വേഷിച്ചുവെന്നായിരുന്നു കോടതിയുടെ പരാമർശം. ഇതിൽ പൊലീസിന് അഭിമാനിക്കാം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു.
രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ശിക്ഷാവിധിയിന്മേൽ കേസിൽ നടന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്നായിരുന്നു പ്രോസിക്യുഷൻ്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് കൊന്നത് എന്നും യഥാർത്ഥ പ്രണയത്തെ കൂടി കൊലപ്പെടുത്തിയ കേസാണിതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗ്രീഷ്ഷമയ്ക് ചെകുത്താന്റെ ചിന്തയാണ്. ഒരു തവണ പരാജപ്പെട്ടപ്പോൾ വീണ്ടും ശ്രമം നടത്തി. ക്രൂരനായ ഒരാൾക്കെ അങ്ങനെ ചിന്തിക്കാൻ കഴിയൂ. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഗ്രീഷ്മ തീരുമാനം നടപ്പാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. അതിനായി മുന്നൊരുക്കങ്ങൾ നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ബിരുദാനനന്തര ബിരുദധാരിയെന്ന നിലയിൽ ഗ്രീഷ്മയുടെ അറിവുകൾ കൊലയ്ക്ക് ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഗ്രീഷ്മ ഇല്ലാതാക്കിയത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കൊലപാതകം മനസാക്ഷിയുള്ള സമൂഹത്തെ ആകെ ഞെട്ടിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്.
വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ വാദത്തെ പ്രതിഭാഗം ചോദ്യം ചെയ്യുകയാണ് ചെയ്തത്. സാഹചര്യതെളിവുകൾ മാത്രം വെച്ച് എങ്ങനെ വധശിക്ഷ നൽകാൻ കഴിയുമെന്ന ചോദ്യമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതിക്ക് ആന്റിസോഷ്യൽ സ്വഭാവമില്ലെന്നും ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഷാരോണുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പലതവണ ശ്രമിച്ചു. ഗ്രീഷ്മ ഷാരോണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഷാരോൺ പിൻമാറിയില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചത്. ഷാരോൺ കിടപ്പുമുറിയിൽ നിന്നുള്ള പടം എടുത്തത് എന്തിനെന്ന് ചോദിച്ച പ്രതിഭാഗം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ ഷാരോൺ ഫോണിൽ സൂക്ഷിച്ചുവെന്നും ചൂണ്ടിക്കാണിച്ചിരുന്നു. പരമാവധി നൽകാൻ കഴിയുന്നത് ജീവപര്യന്തമാണെന്നും 10 വർഷമായി കുറയ്‌ക്കേണ്ട ഇളവ് ഈ സംഭവത്തിൽ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
Content Highlights: Court justifies sharons love and criticizes greeshma