കോട്ടയം: മാനസിക പീഡനമെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെ നടപടി. ലിസ ജോണിനെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. മാനസിക പീഡനം ആരോപിച്ച് പി ജി വിദ്യാര്‍ത്ഥിയായ വിനീത് നല്‍കിയ പരാതിയിലാണ് നടപടി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ലിസ ജോണിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഡോ. ലിസ ജോണിനെതിരെ ഗുരുതര ആരോപണവുമായി ഫോറന്‍സിക് മെഡിസിന്‍ പി ജി വിദ്യാര്‍ത്ഥിയായ വിനീത് കുമാര്‍ രംഗത്തെത്തിയത്. ലിസ ജോണില്‍ നിന്ന് തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും ഉണ്ടായതായി വിനീത് കുമാര്‍ പറഞ്ഞിരുന്നു. തനിക്കെതിരെ നിന്നാല്‍ പീഡനക്കേസില്‍ കുടുക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ലിസ ജോണ്‍ ഭീഷണിപ്പെടുത്തിയെന്നും വിനീത് കുമാര്‍ ആരോപിച്ചു. എല്ലാവരുടെയും മുന്നില്‍ വെച്ച് രണ്ടു തവണ വലത് കൈ ഉയര്‍ത്തി മുഖത്തടിക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ലിസയ്ക്കെതിരെ വിനീത് ഉന്നയിച്ചത്.
ഇതിന് പിന്നാലെ ഡോ. ലിസയില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് ഡോക്ടറായ റാണി ജെ എസും രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ കോളേജിലെ പി ജി പഠനകാലത്ത് ഡോ. ലിസയില്‍ നിന്നുണ്ടായ മോശം അനുഭവമായിരുന്നു ഡോ. റാണി ഫേസ്ബുക്കിലൂടെ തുറന്നെഴുതിയത്. ഡിപ്പാര്‍ട്ട്മെന്റിലെ ഒരു അറ്റന്‍ഡര്‍ സ്റ്റാഫ് സ്ത്രീകളായ പിജി സ്റ്റുഡന്റ്സിനടക്കം ലൈംഗിക ചുവയുള്ള അശ്ലീല മെസേജ് അയച്ചതിനെതിരെ തങ്ങള്‍ എച്ച്ഒഡിയായ ലിസ ജോണിന് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല ഉണ്ടായതെന്നും റാണി പറഞ്ഞിരുന്നു. പ്രഗ്‌നന്‍സി സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ കാരണം മെഡിക്കല്‍ ലീവ് എടുക്കേണ്ടിവന്നപ്പോഴും ലിസ ജോണ്‍ ഇടപെട്ടു. മോര്‍ച്ചറി ടോര്‍ച്ചര്‍ എന്ന പീഡനമുറയുടെ കാഠിന്യം അറിഞ്ഞ നാളുകളായിരുന്നു അതെന്നും റാണി തുറന്നെഴുതിയിരുന്നു.
Content Highlights- dr liza john transferred to ernakulam medical college