കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. 25 ദിവസം പ്രായമായ കുഞ്ഞിൻ്റെ തുടയിൽ കുത്തിവെപ്പിന് ഉപയോഗിച്ച സൂചി തിരിച്ചെടുത്തില്ല. വാക്സിൻ എടുത്ത് മണിക്കൂറുകൾ കഴിഞ്ഞ ശേഷവും കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാൽ തുടയിൽ മൂന്ന് സെന്റീമീറ്റർ നീളമുള്ള സൂചി തറച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ഇൻജക്ഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങിയിരുന്നു. കണ്ണൂർ പെരിങ്ങോം സ്വദേശിയായ ശ്രീജുവിന്റെയും രേവതിയുടെയും പിഞ്ചു കുഞ്ഞിനാണ് ദുരനുഭവം.അന്വേഷണത്തിന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉന്നതതല സമിതിയെ നിയോഗിച്ചു.ഡെപ്യൂട്ടി സൂപ്രണ്ടാണ് അന്വേഷണ സമിതി ചെയർമാൻ. മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് പരിയാരം ഗവ.മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതെന്നും കുഞ്ഞിന്‍റെ പിതാവ് പറയുന്നു. പിറ്റേ ദിവസം രണ്ട് വാക്സിൻ എടുത്തശേഷം അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ചെയ്തു.കുഞ്ഞിൻ്റെ തുടയിൽ കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങിയത് ഡോക്ടറെ കാണിച്ചെങ്കിലും മരുന്ന് നൽകി വിടുകയായിരുന്നു. കുഞ്ഞിന്റെ അസ്വസ്ഥതകൾ കുറയാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും, പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങികൊണ്ടുപോയി വാക്സിൻ എടുത്തശേഷം കുഞ്ഞിനെ തിരിച്ചേൽപ്പിക്കുകയായിരുന്നു
Content Highlights : Medical malpractice in Pariyaram Govt Medical College