വി എസ് വിനീത് കുമാര്‍, സാക്ഷികള്‍ ഇല്ലാത്ത കേസില്‍ കുരുക്ക് മുറുക്കി പ്രതിയെ കുടുക്കിയ പബ്ലിക് പ്ലോസിക്യൂട്ടർ

ഷാരോണ്‍ കേസ് ഉള്‍പ്പെടെ വിനീത് കുമാര്‍ വാദിച്ച നാലാമത്തെ കേസിലാണ് പ്രതിക്ക് വധശിക്ഷ ലഭിക്കുന്നത്

dot image

തിരുവനന്തപുരം: ബ്രില്യന്റ് ആന്‍ഡ് ബ്രൂട്ടല്‍ ക്രൈം, ഇങ്ങനെയാണ് പാറശാല ഷാരോണ്‍ വധക്കേസിനെ കോടതി നിരീക്ഷിച്ചത്. ആത്മാര്‍ത്ഥ പ്രണയത്തിന് ഗ്രീഷ്മ ഷാരോണിന് മരണം സമ്മാനിച്ചപ്പോള്‍ സമാനതകളില്ലാത്ത ആ കുറ്റകൃത്യത്തിന് നീതിപീഠവും വിധിച്ചു വധശിക്ഷ. ഗ്രീഷ്മയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാര്‍ പുലര്‍ത്തിയ ജാഗ്രത എടുത്തുപറയേണ്ടതാണ്.

ഷാരോണ്‍ കേസ് ഉള്‍പ്പെടെ വിനീത് കുമാര്‍ വാദിച്ച നാലാമത്തെ കേസിലാണ് പ്രതിക്ക് വധശിക്ഷ ലഭിക്കുന്നത്. ആത്മാര്‍ത്ഥമായി സ്നേഹിച്ച കാമുകനെ ഗ്രീഷ്മ മാരക വിഷം നല്‍കി ചതിച്ച് കൊലപ്പെടുത്തിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് സ്ഥാപിച്ചെടുക്കാന്‍ വിനീത് കുമാറിന് സാധിച്ചു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പരമാവധി സമാഹരിച്ച് പഴുതടച്ച വാദത്തിലൂടെയാണ് വിനീത് കുമാര്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുത്തത്.

ഇതിന് മുന്‍പ് വിനീത് കുമാര്‍ വാദിച്ച മൂന്ന് കേസുകളിലും പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുത്തിരുന്നു. 2011ല്‍ ഗള്‍ഫ് വ്യവസായിയായ വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീമിനെ കൊന്ന് 16 കഷണങ്ങളാക്കി കുഴിച്ചിട്ട കേസാണ് അതില്‍ ഒന്ന്. തിരുവന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ വിനീത് കുമാര്‍ ഒന്നാം പ്രതി ഷെരീഫിന് വധശിക്ഷ വാങ്ങിക്കൊടുത്തു. 2014ലായിരുന്നു നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം. 2014ല്‍ കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന അനുശാന്തിയും കാമുകന്‍ നിനോ മാത്യുവും അനുശാന്തിയുടെ നാല് വയസുള്ള മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പഴുതടച്ച വാദം നടത്തിയ വിനീത് കുമാര്‍ കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ വാങ്ങി നല്‍കി. എന്നാല്‍ ഹൈക്കോടതി ഇത് ജീവപര്യന്തം കഠിനതടവായി കുറച്ചിരുന്നു. കോളിയൂര്‍ സ്വദേശി മരിയ ദാസിനെ വീട്ടില്‍ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലും വിനീത് കുമാറിന്റെ ഇടപെടല്‍ നിര്‍ണായകമായി. കേസിലെ ഒന്നാം പ്രതി അനില്‍കുമാറിന് വിനീത് കുമാര്‍ വധശിക്ഷ വാങ്ങി നല്‍കിയിരുന്നു.

വി എസ് വിനീത് കുമാറിന്റെ മറ്റൊരു പൊന്‍തൂവലാണ് ഷാരോണ്‍ വധക്കേസിലെ വിധി. നിയമത്തില്‍ പിഎച്ച്ഡി ഉള്ള വിനീത് കുമാറിന് 32 വര്‍ഷമായി പ്രോസിക്യൂഷനില്‍ മുന്‍പരിചയമുണ്ട്. സാക്ഷി വിസ്താരത്തിലെ കൃത്യതയും ക്രിമിനല്‍ നിയമത്തിലെ പാണ്ഡിത്യവും വാദത്തിലെ പ്രത്യേക ശൈലിയും വി എസ് വിനീത് കുമാറിന്റെ പ്രത്യേകതയാണ്.

dot image
To advertise here,contact us
dot image