കോഴിക്കോട്: സമസ്തയുടെ പ്രഖ്യാപിത നയം ഇന്‍ഷൂറന്‍സിന് എതിരാണെന്ന് വ്യക്തമാകുന്ന പ്രമേയം പുറത്ത്. ഇന്‍ഷൂറന്‍സിനെ അനുകൂലിച്ച മുശാവറ അംഗത്തെ സമസ്ത പുറത്താക്കിയ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇന്‍ഷൂറന്‍സിനെ അനുകൂലിച്ച് 2004ല്‍
പുസ്തകമെഴുതിയ എം പി മുസ്തഫല്‍ ഫൈസിയെയാണ് സമസ്ത പുറത്താക്കിയത്. സമസ്ത നയങ്ങളെ തള്ളിയില്ലെന്ന സിഐസി വാദം പൊളിക്കുന്നതാണ് പ്രമേയം.
ബാങ്ക് പലിശ, ഇന്‍ഷൂറന്‍സ് മുതലായവ അനുവദനീയമാണെന്ന വാദത്തില്‍ നിന്നു പിന്മാറിയെന്നും പുസ്തകം പിന്‍വലിച്ച് പരസ്യപ്രസ്താവന നടത്തണമെന്നും മുശാവറ അംഗത്തോട് സമസ്ത ആവശ്യപ്പെടുന്നതാണ് പ്രമേയം.
വാഫി-വഫിയ കലോത്സവത്തില്‍ 'ഇന്‍ഷൂറന്‍സ്: ഇസ്ലാമിക വീക്ഷണം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ റിസ്‌ക് പങ്കിടുന്ന രീതി ഇസ്ലാമിലുണ്ടെന്നും ഇസ്ലാമുമായി ബന്ധപ്പെടാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സിഐസി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍ഡിനേഷന്‍) പരാമര്‍ശിച്ചിരുന്നു.
പലിശയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഇസ്ലാമിക വിരുദ്ധമെന്നാണ് സമസ്ത നിലപാട്. തുടര്‍ച്ചയായി സമസ്തയെ തള്ളി സിഐസി രംഗത്തെത്തുന്നതിനിടെയാണ് ഇന്‍ഷൂറന്‍സിലും വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.
എന്നാല്‍ പരാമര്‍ശം ചര്‍ച്ചയായതോടെ സിഐസി രംഗത്തെത്തി. തങ്ങളുടെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും സമസ്തയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ സിഐസി രംഗത്തെത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാമെന്നുമായിരുന്നു സിഐസി പത്രക്കുറിപ്പിറക്കിയത്. ഇതിന് പിന്നാലെയാണ് സിഐസി നിലപാട് ശരിയല്ലെന്ന തെളിവുകൾ പുറത്ത് വരുന്നത്.
Content Highlights: Samasta's stated policy is against insurance Resolution is out