വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സുബൈദ കൊലക്കേസ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്

dot image

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊലയ്ക്ക് മുമ്പ് ആഷിഖ് കൊടുവാള്‍ വാങ്ങി പോകുന്നതും കൃത്യം നിര്‍വ്വഹിച്ചതിന് ശേഷം രക്തത്തില്‍ കുളിച്ച കൈകളില്‍ വാക്കത്തി പിടിച്ച് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ശേഷം വീടിന്റെ മുറ്റത്തെ ടാപ്പില്‍ നിന്ന് വാക്കത്തി കഴുകുന്ന ദൃശ്യങ്ങളും വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.

ഇന്നലെ സൈബര്‍ സെല്‍ സംഘം വീട്ടിലെത്തി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സുബൈദ കൊലക്കേസ് നടന്നത്. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖ് പൊലീസില്‍ മൊഴി നല്‍കിയത്.

വെള്ളിയാഴ്ച ആഷിഖ് വീട്ടിലെത്താത്തത് സുബൈദ ചോദ്യം ചെയ്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ആഷിഖ് ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതും പ്രകോപനമായി. തുടര്‍ന്ന് അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് കൊലപാതകം നടത്തിയത്.

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീലയുടെ പ്രതികരണം.

Content Highlights: Subaida case at thamarassery Police Collect CCTV Visuals

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us