കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു. നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ടർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
അതേ സമയം ആശുപത്രിയിൽ തന്നെ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനം. ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഗവർണർ എംഎൽഎയെ കണ്ടത്. ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഡോക്ടർമാർ നല്ല രീതിയിലാണ് പരിചരിക്കുന്നത്. നിയമസഭ സാമാജിക എന്ന നിലയിലുള്ള കർത്തവ്യങ്ങളിലേക്ക് ഉടൻ മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും ഗവർണർ ആശംസിച്ചു.
മൂന്ന് ദിവസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും ഉമാതോമസിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എന്നാല്‍ അത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്നും ഉമാ തോമസ് അറിയിച്ചു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡിസംബർ 29ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. വേദിയിൽ നിന്നും 15 അടി താഴേയ്ക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്.
Content Highlights : uma thomas gets speedy recovery